ദുബായ്: മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കാൻ ഇന്ത്യൻ കോൺസുലേറ്റ് തീരുമാനം

featured GCC News

അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ടവർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2022 മെയ് 22-ന് സംഘടിപ്പിച്ച എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിൽ അനുഭവപ്പെട്ട വലിയ തിരക്ക് കണക്കിലെടുത്ത് ഈ ക്യാമ്പിന്റെ രണ്ടാം ഘട്ടം കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കാൻ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ 2022 മെയ് 29-ന് നടക്കുന്ന എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പിന്റെ രണ്ടാം ഘട്ടം ദുബായിലെയും, നോർത്തേൺ എമിറേറ്റിലെയും ആറ് BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് കേന്ദ്രങ്ങളിൽ നിന്ന് (ആദ്യ ഘട്ടത്തിൽ നാല് കേന്ദ്രങ്ങളിൽ നിന്നാണ് സേവനങ്ങൾ നൽകിയത്) സേവനങ്ങൾ നൽകുന്ന രീതിയിൽ വിപുലീകരിക്കുന്നതാണ്.

2022 മെയ് 25-ന് വൈകീട്ടാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇക്കാര്യം അറിയിച്ചത്. അടിയന്തിരമായി പാസ്പോർട്ട് പുതുക്കേണ്ട വ്യക്തികൾക്ക് അത്തരം സേവനങ്ങൾ നൽകുന്നതിനായി 2022 മെയ് 22, 29 തീയതികളിൽ ദുബായ്, ഷാർജ എന്നിവിടങ്ങളിലെ നാല് BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ പ്രത്യേക വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരത്തെ അറിയിച്ചിരുന്നു.

മെയ് 22-ന് നടന്ന ഈ ക്യാമ്പിന്റെ ആദ്യ ദിനത്തിൽ ഇത്തരം സേവനങ്ങൾക്കായെത്തിയ അപേക്ഷകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മെയ് 29-ന് കൂടുതൽ കേന്ദ്രങ്ങളിൽ നിന്ന് ഈ സേവനം നൽകുന്നതിനുള്ള ഈ തീരുമാനം.

താഴെ പറയുന്ന BLS ഇന്റർനാഷണൽ സർവീസ് ലിമിറ്റഡ് സേവനകേന്ദ്രങ്ങളിൽ നിന്നാണ് മെയ് 29-ന് ഈ വാക്ക്-ഇൻ സേവനം ലഭ്യമാക്കുന്നത്:

  • അൽ ഖലീജ് സെന്റർ, ബർ ദുബായ്.
  • ദെയ്‌റ സിറ്റി സെന്റർ, ദെയ്‌റ, ദുബായ്.
  • പ്രീമിയം ലോഞ്ച് സെന്റർ, ബർ ദുബായ്.
  • ഷാർജ HSBC സെന്റർ, ഷാർജ.
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഷാർജ (പുതിയതായി ഈ ക്യാമ്പിലേക്ക് ഉൾപ്പെടുത്തിയ കേന്ദ്രം)
  • അൽ അബ്ദുൽ ലതീഫ് അൽ സറൂണി ബിൽഡിങ്ങ് (DIB ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടം), ഷോപ്പ് നമ്പർ 14, കിംഗ് ഫൈസൽ റോഡ്, ഉം അൽ കുവൈൻ; (പുതിയതായി ഈ ക്യാമ്പിലേക്ക് ഉൾപ്പെടുത്തിയ കേന്ദ്രം)

ഈ കേന്ദ്രങ്ങളിൽ വെച്ച് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഈ എമെർജൻസി പാസ്പോർട്ട് റിന്യൂവൽ വാക്ക്-ഇൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള ടോക്കൺ ഉച്ചയ്ക്ക് 2 വരെയാണ് ലഭ്യമാക്കുന്നത്.

ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തി, കേന്ദ്രങ്ങളിൽ ലഭ്യമാക്കിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങളിലൂടെ ഇത്തരം സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇതിനായി മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല. കൃത്യമായ രേഖകളുമായി ആദ്യമെത്തുന്നവർക്ക് ആദ്യം സേവനം നൽകുന്ന രീതിയിലാണ് ഈ ക്യാമ്പ് നടപ്പിലാക്കുന്നത്.

താഴെ പറയുന്ന അടിയന്തിര സാഹചര്യങ്ങളിലുള്ള വിഭാഗങ്ങൾക്ക് മാത്രമാണ് ഈ ക്യാമ്പിൽ നിന്ന് പാസ്പോർട്ട് പുതുക്കുന്ന സേവനം നൽകുന്നത്:

  • ആരോഗ്യ ചികിത്സ, മരണം എന്നിവ മൂലം അടിയന്തിരമായി പാസ്പോർട്ട് പുതുക്കി ലഭിക്കേണ്ടവർ.
  • പാസ്പോർട്ട് കാലാവധി അവസാനിച്ചവർ, 2022 ഓഗസ്റ്റ് 31-നകം പാസ്പോർട്ട് കാലാവധി അവസാനിക്കുന്നവർ.
  • കാലാവധി അവസാനിച്ചതോ, ക്യാൻസൽ ആയതോ ആയ വിസകൾ പതിപ്പിക്കുന്നതിനായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ, പുതിയ ജോലിക്കായി പാസ്പോർട്ട് അടിയന്തിരമായി പുതുക്കി ലഭിക്കേണ്ടവർ.
  • വരുന്ന ആഴ്ചകളിൽ ഇന്ത്യയിലേക്ക് (അല്ലെങ്കിൽ വിദേശത്തേക്ക്) യാത്ര ചെയ്യുന്നവർ.
  • പാസ്സ്‌പോർട്ട് നഷ്ടമായവർ, പാസ്സ്‌പോർട്ട് കേട് വന്നവർ.
  • അക്കാദമിക് ആവശ്യങ്ങൾക്കുള്ള NRI സർട്ടിഫിക്കറ്റ് ലഭിക്കേണ്ടവർക്ക്.
  • ഇന്ത്യയിലേക്കോ, വിദേശത്തേക്കോ പഠനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക്.
  • തൊഴിൽ, എമിഗ്രേഷൻ ആവശ്യങ്ങൾക്കായി പോലീസ് ക്ലിയറൻസ് സർടിഫിക്കറ്റിന് അപേക്ഷിക്കേണ്ടവർ.

മേല്പറഞ്ഞ വിഭാഗങ്ങൾ തങ്ങളുടെ അടിയന്തിര സാഹചര്യം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി 80046342 എന്ന നമ്പറിൽ കോൺസുലേറ്ററിന് കീഴിലുള്ള പ്രവാസി ഭാരതീയ സഹായതാ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അല്ലെങ്കിൽ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇമെയിൽ വിലാസങ്ങളിൽ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്.

Cover Image: WAM.