രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ, കടമകൾ എന്നിവ സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ കുവൈറ്റിലെ ഇന്ത്യൻ എംബസി പങ്ക് വെച്ചു. 2023 ഏപ്രിൽ 23-നാണ് കുവൈറ്റിലെ ഇന്ത്യൻ എംബസി ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് നൽകിയത്.
പ്രവാസി തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് കുവൈറ്റ് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, കുവൈറ്റ് ലേബർ റിലേഷൻസ് വകുപ്പ് എന്നിവർ നൽകിയിട്ടുള്ള മാർഗ്ഗനിർദേശങ്ങൾ എംബസി ഈ അറിയിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമയുമായുള്ള തൊഴിൽ കരാറിന്റെ ഒരു കോപ്പി കൈവശം കരുതേണ്ടതാണ്. ഈ കരാറിലെ വിവരങ്ങൾ, കാലാവധി എന്നിവ കൃത്യമാണെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- കരാർ പ്രകാരമുള്ള തൊഴിലുടമയ്ക്ക് കീഴിലല്ലാതെ മറ്റുള്ളവർക്ക് വേണ്ടി തൊഴിലെടുക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് നിയമപ്രശ്നങ്ങളിലേക്ക് നയിക്കാവുന്നതാണ്.
- തൊഴിൽ കരാറിന്റെ കാലാവധിയിൽ വേതനം കുറയ്ക്കുന്നതിന് അനുമതിയുണ്ടായിരിക്കില്ല.
- നിങ്ങൾ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളിലെ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുത്. ഇത്തരം പ്രവർത്തനങ്ങൾ നിങ്ങളുടെ തൊഴിൽ നഷ്ടമാകുന്നതിന് ഇടയാക്കും.
- പാസ്സ്പോർട്ട് എപ്പോഴും നിങ്ങളുടെ കൈവശം കരുതേണ്ടതാണ്. ഇത് മറ്റുള്ളവർക്ക് നൽകരുത്.
- തൊഴിൽ കരാറിന്റെ കാലാവധി നിലനിൽക്കുന്ന സാഹചര്യത്തിൽ മതിയായ കാരണങ്ങളില്ലാതെ തൊഴിലെടുക്കുന്നതിൽ നിന്ന് വിട്ട് നിൽക്കുന്നത് പിരിച്ച് വിടലിന് ഇടയാക്കുന്നതാണ്.
- പെയ്ഡ് പൊതു അവധിദിനങ്ങളിലെ ലീവിന് തൊഴിലാളിയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.
- തൊഴിലുടമയുമായുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിന് കുവൈറ്റ് ലേബർ റിലേഷൻസ് വകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
- തൊഴിലിടങ്ങളിലും മറ്റും ആൾക്കൂട്ടം സൃഷ്ടിച്ച് കൊണ്ട് പ്രതിഷേധിക്കുന്നതിന് പകരം, കുവൈറ്റ് ലേബർ റിലേഷൻസ് വകുപ്പ് വഴി നിങ്ങളുടെ അവകാശങ്ങൾ നേടിയടുക്കാവുന്നതാണ്.
Cover Image: Kuwait News Agency.