ഗൾഫ് മേഖലയിലും, മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസി ഇന്ത്യക്കാർക്ക്, അതാത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുമായും, ഡൽഹിയിലെ വിദേശകാര്യ മന്ത്രാലയവുമായും സുഗമമായി ബന്ധപ്പെടുന്നതിനായി ഒരു പ്രത്യേക ഓൺലൈൻ പോർട്ടൽ മന്ത്രാലയത്തിന് കീഴിൽ ആരംഭിച്ചു. ‘ആഗോള പ്രവാസി രിഷ്ത’ എന്ന് പേരിട്ടിട്ടുള്ള ഈ പോർട്ടൽ, അനുബന്ധ മൊബൈൽ ആപ്പ് എന്നിവ ഡിസംബർ 30-ന് വൈകീട്ട് ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
http://pravasirishta.gov.in/home എന്ന വിലാസത്തിൽ ഈ പോർട്ടൽ ലഭ്യമാണ്. പുതുവത്സര വേളയിൽ ഈ പോർട്ടലിൽ പ്രവാസി ഭാരതീയർക്കായുള്ള വിവിധ സേവനങ്ങൾ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചന. ആഗോളതലത്തിൽ വിവിധരാജ്യങ്ങളിലായി പരന്നു കിടക്കുന്ന 31 ദശലക്ഷത്തോളം വരുന്ന വിദേശ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും, ഇവർക്ക് ആവശ്യമായ വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഈ പോർട്ടലിലൂടെ വിദേശകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു.
ആഗോളതലത്തിൽ വിദേശ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതിനും, അവർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും മന്ത്രാലയം കൈക്കൊള്ളുന്ന ആദ്യ സംരംഭമാണിത്. “വിദേശ ഇന്ത്യക്കാരുടെ പ്രാധാന്യം ഇന്ത്യൻ സർക്കാർ മനസ്സിലാക്കുന്നു. ഇവരുമായി സംവദിക്കുന്നതിനായി വിവിധ മാർഗ്ഗങ്ങൾ സർക്കാർ രൂപം നൽകികൊണ്ടിരിക്കുകയാണ്.”, പോർട്ടൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്രകാര്യാലയങ്ങൾ, വിദേശ ഇന്ത്യക്കാർ എന്നിവർക്കിടയിൽ പരസ്പരം ആശയവിനിമയം സാധ്യമാക്കുന്ന രീതിയിലാണ് ഈ സംവിധാനം ഒരുക്കുന്നത്. അടിയന്തിര ഘട്ടങ്ങളിലെ ജാഗ്രതാ നിർദ്ദേശങ്ങൾ, വിവിധ സാഹചര്യങ്ങളിലെ നിർദ്ദേശങ്ങൾ എന്നിവ നൽകുന്നതിനൊപ്പം, വിദേശ ഇന്ത്യക്കാർക്ക് അടിയന്തിര സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഈ പോർട്ടൽ ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
http://pravasirishta.gov.in/home എന്ന വിലാസത്തിൽ ലഭ്യമാകുന്ന ഈ പോർട്ടലിൽ നിന്ന് പ്രവാസികൾക്ക് രാജ്യം, അതാത് രാജ്യങ്ങളിലെ നയതന്ത്രകാര്യാലയം എന്നിവ തിരഞ്ഞെടുത്ത ശേഷം വിവിധ സേവനങ്ങൾ ലഭിക്കുന്നതാണ്.
ഈ പോർട്ടലിലെ ഇന്ത്യൻ എംബസി, അബുദാബി, യു എ ഇയുടെ പേജിൽ നിലവിൽ കോൺസുലാർ സേവനങ്ങൾ, കമ്മ്യൂണിറ്റി അഫയേഴ്സ്, ഇവെന്റ്സ്, ഫീഡ്ബാക്ക് മുതലായ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.