ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 19-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഇറാഖ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഒമാനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ഇറാഖിന് വേണ്ടി ആദ്യ ഗോൾ സ്‌കോർ ചെയ്തു.

എൺപത്തിരണ്ടാം മിനിറ്റിൽ സമനില നേടുന്നതിന് ലഭിച്ച സുവർണ്ണാവസരം ഒമാൻ പാഴാക്കി.
ഒമാൻ മിഡ്ഫീൽഡർ ജമീൽ അൽ യഹ്മാദി എടുത്ത പെനാൽറ്റി കിക്ക് ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസ്സൻ ഡൈവ് ചെയ്ത് കൈയ്യിലൊതുക്കി.
എന്നാൽ ഇറാഖ് ഒരു ഗോളിന് വിജയികളാകും എന്ന് ഉറപ്പിച്ച ഘട്ടത്തിൽ, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച ഒരു പെനാൽറ്റിയിലൂടെ ഒമാൻ സമനില നേടി.
വിഡിയോ റഫറിയുടെ സഹായത്തോടെ ലഭിച്ച ഈ പെനാൽറ്റി സലാഹ് അൽ യഹ്‌യഈ (90+10′) ലക്ഷ്യത്തിലെത്തിച്ചു.

ഇതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ ലഭിച്ച ഒരു പെനൽറ്റിയിലൂടെ ഗോൾ നേടിയ അംജദ് അത്‌വാൻ (116′) ഇറാഖിനെ വീണ്ടും മുന്നിലെത്തിച്ചു.
എക്സ്ട്രാടൈമിന്റെ അവസാന മിനിറ്റുകളിൽ ഒമർ അൽ മാൽകിയിലൂടെ (119′) തിരിച്ചടിച്ച ഒമാൻ വീണ്ടും സ്‌കോർ നിലയിൽ ഒപ്പമെത്തി.

എന്നാൽ ഒരു മിനിറ്റിനകം തിരിച്ചടിച്ച ഇറാഖ് മത്സരത്തിൽ വിജയികളാകുകയായിരുന്നു.
മനാഫ് യൂസഫാണ് (120+2′) ഇറാഖിന്റെ വിജയഗോൾ സ്‌കോർ ചെയ്തത്.

സൗദി അറേബ്യയിൽ വെച്ച് 1988-ൽ നടന്ന അറേബ്യൻ ഗൾഫ് കപ്പ് ടൂർണ്ണമെന്റിലാണ് അവസാനമായി ഇറാഖ് ജേതാക്കളായത്.
Cover Image: Iraq National Football Team.