ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു. 2023 സെപ്റ്റംബർ 4-നാണ് ബഹ്‌റൈനിലെ ഇസ്രായേൽ എംബസി ഔദ്യോഗികമായി തുറന്നത്.
ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹന്റെ ഔദ്യോഗിക ബഹ്‌റൈൻ സന്ദർശനവേളയിലാണ് എംബസി ഔദ്യോഗികമായി തുറന്നത്.
ടൂറിസം, വാണിജ്യം, നിക്ഷേപം എന്നീ മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കാനും, ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നേരിട്ടുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാനും ബഹ്‌റൈൻ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനിച്ചതായി എലി കോഹൻ വ്യക്തമാക്കി.
മേഖലയിലെ മുഴുവൻ ജനങ്ങൾക്കും സമാദാനം, അഭിവൃദ്ധി, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനായി ബഹ്‌റൈൻ മുന്നോട്ട് വെക്കുന്ന മൂല്യങ്ങളുടെ അടയാളമാണ് ഈ നീക്കമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി അറിയിച്ചു.
ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി അന്നത്തെ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 2020 സെപ്റ്റംബർ 11-നു അറിയിച്ചിരുന്നു.
Cover Image: @IsraelinBahrain.