കുവൈറ്റിലെ ഇന്ത്യക്കാർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനായി പുതിയ വാട്സ്ആപ്പ് ഹെല്പ് ലൈൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. കുവൈറ്റിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന് എംബസിയിൽ നിന്നുള്ള വിവിധ സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനായാണ് ഈ നടപടി.
മെയ് 26-ന് കുവൈറ്റിലെ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൗസ് പരിപാടിയിലാണ് ഇന്ത്യൻ അംബാസഡർ ഇക്കാര്യം അറിയിച്ചത്. പ്രവാസി ഇന്ത്യക്കാർക്ക് വാട്സ്ആപ്പ് അടിസ്ഥാനമാക്കിയുള്ള ഈ പുതിയ ഹെല്പ് ലൈനുകളിലൂടെ എംബസി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ഇതിന് പുറമെ, എംബസിയിൽ നിന്ന് നേരിട്ടും, ഇമെയിൽ, മൊബൈൽ നമ്പറുകൾ, ലാൻഡ്‌ലൈൻ നമ്പറുകൾ എന്നിവയിലൂടെയും ഈ സേവനങ്ങൾ ലഭ്യമാണ്.
കുവൈറ്റിലെ ഇന്ത്യൻ എംബസി ആരംഭിച്ചിട്ടുള്ള വാട്സ്ആപ്പ് ഹെല്പ് ലൈൻ നമ്പറുകൾ:
- പാസ്സ്‌പോർട്ട്, കോൺസുലാർ വിഭാഗം: +965-65501767 (ഈ വിഭാഗങ്ങളിലെ സാധാരണ നടപടിക്രമങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്കായി ഈ നമ്പർ ഉപയോഗിക്കരുത്.)
- വിസ, ഒ സി ഐ, അറ്റസ്റ്റേഷൻ, മറ്റു സേവനങ്ങൾ: +965-65501013.
- ഹോസ്പിറ്റൽ & എമർജൻസി മെഡിക്കൽ അസ്സിസ്റ്റൻസ്, കമ്മ്യൂണിറ്റി വെൽഫെയർ: +965-65501587.
- ഡെത്ത് രജിസ്‌ട്രേഷൻ, കമ്മ്യൂണിറ്റി അഫയേഴ്‌സ്: +965- 65505246.
- ഇന്ത്യൻ അസ്സോസിയേഷൻസ് ഇൻ കുവൈറ്റ്, കമ്മ്യൂണിറ്റി അഫയേഴ്‌സ്: +965-65501078.
- ഫീമെയിൽ ഡൊമസ്റ്റിക് വർക്കേഴ്സ് (VISA 20), ലേബർ വിഭാഗം: +965-65501754.
- ലേബർ (VISA 14,18), മെയിൽ ഡൊമസ്റ്റിക് വർക്കേഴ്സ് (VISA 20), ലേബർ വിഭാഗം: +965-65501769.
- കൊമേർഷ്യൽ അറ്റസ്റ്റേഷൻ, കോമേഴ്‌സ് വിഭാഗം: +965- 65505097
- ഔദ്യോഗിക പ്രവർത്തനസമയങ്ങളിലല്ലാത്ത സമയങ്ങളിൽ ഉപയോഗിക്കാവുന്ന എമെർജൻസി ഹെല്പ് ലൈൻ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം: +965-65501946.
ഈ ഹെല്പ് ലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവർ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്:
- ഈ നമ്പറുകൾ വാട്സ്ആപ്പ് ടെക്സ്റ്റ് സന്ദേശങ്ങൾക്ക് മാത്രമായാണ്. വാട്സ്ആപ്പ് കോളുകൾ ഈ നമ്പറുകളിൽ അനുവദനീയമല്ല. ഫോൺ കോളുകൾക്കായി എംബസിയുടെ നിലവിലെ ലാൻഡ്‌ലൈൻ, മൊബൈൽ നമ്പറുകൾ ഉപയോഗിക്കേണ്ടതാണ്.
- സന്ദേശം അയക്കുന്ന വ്യക്തി പൂർണ്ണമായ പേര്, വിലാസം, തിരിച്ച് എംബസിയിൽ നിന്ന് ബന്ധപ്പെടുന്നതിനുള്ള ഫോൺ നമ്പർ എന്നിവ നിർബന്ധമായും സന്ദേശത്തിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത്തരം വിവരങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾക്ക് മാത്രമാണ് എംബസിയിൽ നിന്ന് മറുപടി നൽകുന്നത്.
- എമെർജൻസി ഹെല്പ് ലൈൻ ഒഴികെയുള്ള നമ്പറുകളിലെ സേവനം എംബസിയുടെ ഔദ്യോഗിക പ്രവർത്തന സമയങ്ങളിൽ മാത്രമാണ് ലഭ്യമാക്കുന്നത്. ഞായർ മുതൽ വ്യാഴം വരെ, ദിവസവും രാവിലെ 8 മുതൽ വൈകീട്ട് 4.30 വരെ ഈ നമ്പറുകളിൽ മറുപടി സന്ദേശം ലഭിക്കുന്നതാണ്.
Photo: @indembkwt