ആംബുലൻസ് ഉൾപ്പടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 ഫെബ്രുവരി 9-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
Making Way Is a Humanitarian and Legal Responsibility
— وزارة الداخلية (@Moi_kuw) February 9, 2026
What does “making way” mean?
Making way means allowing emergency vehicles (firefighting, ambulance, police, civil defense) or official convoys and their affiliated vehicles to pass quickly and safely when their audible and… pic.twitter.com/cXFrpRfNsb
രാജ്യത്തെ റോഡുകളിൽ എമർജൻസി വാഹനങ്ങൾക്കും, സർക്കാർ വാഹനങ്ങൾക്കും മുൻഗണന നൽകേണ്ടത് നിയമപരമായ ബാധ്യതയും മാനുഷിക ഉത്തരവാദിത്തവുമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ ലഭിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
പോലീസ് പട്രോളിംഗ് വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിശമന സേനകളുടെ വാഹനങ്ങൾ, സിവിൽ ഡിഫൻസ് വാഹനങ്ങൾ, ഔദ്യോഗിക വാഹനവ്യൂഹങ്ങൾ എന്നിവയെ, അവയുടെ സൈറണുകൾ, മറ്റു ശബ്ദ, ദൃശ്യ മുന്നറിയിപ്പ് സിഗ്നലുകൾ എന്നിവ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞാൽ, തടസ്സമോ കാലതാമസമോ കൂടാതെ വേഗത്തിലും സുരക്ഷിതമായും കടന്നുപോകാൻ അനുവദിക്കേണ്ടതാണെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഇത്തരം സൈറണുകൾ കേൾക്കുന്ന അവസരത്തിൽ മറ്റു ഡ്രൈവർമാർ ഉടൻ തന്നെ തങ്ങളുടെ വാഹനങ്ങളുടെ വേഗത കുറയ്‌ക്കേണ്ടതും, വാഹനം ക്രമേണ റോഡിൻറെ വലത് വശത്തേക്ക് നീക്കേണ്ടതും, ആവശ്യമെങ്കിൽ വാഹനം റോഡരികിൽ നിർത്തി എമർജൻസി വാഹനങ്ങൾക്ക് തടസം കൂടാതെ സുഗമമായി കടന്ന് പോകുന്നതിന് വഴി ഒരുക്കേണ്ടതുമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിൽ വീഴ്ച വരുത്തുന്ന ഡ്രൈവർമാർക്ക് പരമാവധി മൂന്ന് മാസം വരെ തടവും, 150 മുതൽ 300 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മറ്റ് വാഹനങ്ങളെ മറികടക്കുന്നതിനായി സർക്കാർ വാഹനങ്ങളെ പിന്തുടർന്ന് അടിയന്തര സൈറണുകൾ ദുരുപയോഗം ചെയ്യുന്നവർക്കും ഇതേ പിഴകൾ ബാധകമാണെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

