കുവൈറ്റ്: ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിന് താത്‌കാലിക അനുമതി നൽകുമെന്ന് സൂചന

featured GCC News

രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ (വിസ 20) വിസ സ്വകാര്യ മേഖലയിൽ (വിസ 18) തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം പരിമിതമായ കാലത്തേക്ക് ഒഴിവാക്കുന്നതിന് കുവൈറ്റ് ആലോചിക്കുന്നതായി സൂചന. കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് ഫസ്റ്റ് ഡെപ്യൂട്ടി പ്രധാന മന്ത്രിയും, ആഭ്യന്തര മന്ത്രിയും, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ചെയർമാനുമായ ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അൽ സബായുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഉണ്ടായത്.

രാജ്യത്തെ ഗാർഹിക തൊഴിലാളികളെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്ന രീതിയിലേക്ക് മാറ്റുന്നതിന് നിലവിലുള്ള നിരോധനം താത്‌കാലികമായി രണ്ട് മാസത്തേക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് ഒരു കരട് തയ്യാറാക്കുന്നതിന് അതോറിറ്റിയെ യോഗത്തിൽ ചുമതലപ്പെടുത്തിയതായി കുവൈറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.