രാജ്യത്ത് കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് ഏതാനം നിബന്ധനകളോടെ വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകുമെന്ന് കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക തീരുമാനം PAM ഡയറക്ടർ ജനറൽ അഹ്മദ് അൽ മൗസ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാന പ്രകാരം, പ്രവാസികൾക്ക് ആർട്ടിക്കിൾ 14 പ്രകാരമുള്ള കൊമേർഷ്യൽ വിസിറ്റ് വിസകളിൽ നിന്ന് ആർട്ടിക്കിൾ 18 പ്രകാരമുള്ള വർക്ക് വിസയിലേക്ക് മാറുന്നതിനുള്ള അനുമതി PAM നൽകിയിട്ടുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയവുമായി ചേർന്നാണ് PAM കൊമേർഷ്യൽ വിസിറ്റ് വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് വിസകളിലേക്ക് മാറുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള ഭേദഗതികൾ നടപ്പിലാക്കുന്നത്.
ഇത്തരത്തിൽ വിസ മാറുന്നതിനായി കുവൈറ്റ് കൊറോണാ എമർജൻസി കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റിലെ തൊഴിൽ രംഗത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ അനുമതി നൽകിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.