കുവൈറ്റ്: ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാക്കും

featured GCC News

ജി സി സി രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ ലഭ്യമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതിനായുള്ള ഒരു പുതിയ ഔദ്യോഗിക തീരുമാനം കുവൈറ്റ് ആഭ്യന്തര മന്ത്രലയം പുറത്തിറക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ജി സി സി രാജ്യങ്ങളിൽ സാധുതയുള്ള റെസിഡൻസി പെർമിറ്റുകളുള്ള വിദേശികൾക്ക് കുവൈറ്റിലേക്കുള്ള ഏതെങ്കിലും പ്രവേശനകവാടത്തിൽ (എയർപോർട്ട്, ബോർഡർ പോർട്ട് എന്നിവ ഉൾപ്പടെ) നിന്ന് നേരിട്ടെത്തി ഓൺ അറൈവൽ ടൂറിസ്റ്റ് വിസയിൽ പ്രവേശിക്കാവുന്നതാണ്.

ഇത്തരത്തിൽ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് സാധുതയുള്ള പാസ്സ്‌പോർട്ട്, അവർ താമസിക്കുന്ന ജി സി സി രാജ്യത്ത് നിന്നുള്ള ആറ് മാസത്തെ സാധുതയുള്ള റെസിഡൻസി പെർമിറ്റ് എന്നിവ നിർബന്ധമാണ്. ഈ നിയമം 2025 ഓഗസ്റ്റ് 6-ന് കുവൈറ്റിലെ ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും പ്രാബല്യത്തിൽ വരികയും ചെയ്തിട്ടുണ്ട്.