2021 മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ നടപ്പിലാക്കുന്ന രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സുരക്ഷാ വിഭാഗങ്ങൾ രാജ്യവ്യാപകമായി പരിശോധനകൾ ശക്തമാക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫരാജ് അൽ സൗബി വ്യക്തമാക്കി. പൊലീസിന് പുറമെ, നാഷണൽ ഗാർഡ് അംഗങ്ങൾ ഉൾപ്പെടുന്ന സുരക്ഷാ വിഭാഗങ്ങൾ അതിർത്തികളിലും, കുവൈറ്റിലുടനീളവും ചെക്ക്പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇതിന് പുറമെ, രാജ്യവ്യാപകമായി പാർപ്പിടമേഖലകളിലും, തെരുവുകളിലും കർഫ്യു നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി മുന്നറിയിപ്പില്ലാതെ നടപ്പിലാക്കുന്ന ചെക്ക്പോയിന്റുകൾ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാത്രികാല കർഫ്യു നിയന്ത്രണങ്ങൾ ലംഘിക്കുന്ന പ്രവാസികളെ നാട് കടത്തുമെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കർഫ്യു നിയന്ത്രണങ്ങൾ മറികടക്കുന്ന കുവൈറ്റി പൗരന്മാർക്കെതിരെ കർശനമായ നിയമ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
മാർച്ച് ഏഴ് മുതൽ ഏപ്രിൽ 8 വരെ ഒരു മാസത്തേക്കാണ് നിലവിൽ ഭാഗിക കർഫ്യു ഏർപ്പെടുത്താൻ കുവൈറ്റ് തീരുമാനിച്ചിട്ടുള്ളത്. ഈ കാലയളവിൽ ദിനവും വൈകീട്ട് 5 മണിമുതൽ പിറ്റേന്ന് രാവിലെ 5 വരെയാണ് കർഫ്യു ഏർപ്പെടുത്തുന്നത്. കർഫ്യു നിലനിൽക്കുന്ന സമയങ്ങളിൽ പള്ളികളിലെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നവർക്കും, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫൊർമേഷനിൽ (PACI) നിന്നുള്ള പ്രത്യേക താത്കാലിക എക്സിറ്റ് പെർമിറ്റുകൾ ഉള്ളവർക്കും മാത്രമാണ് വീടുകൾക്ക് പുറത്തിറങ്ങാൻ അനുമതി നൽകിയിട്ടുള്ളത്.
ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും, രക്തദാനം, വാക്സിനേഷൻ, PCR ടെസ്റ്റ്, മറ്റു അടിയന്തിര ആവശ്യങ്ങൾ എന്നീ സാഹചര്യങ്ങളിൽ കർഫ്യു വേളയിൽ സഞ്ചാരാനുമതി നൽകുന്ന പ്രത്യേക പെർമിറ്റുകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം PACI ആരംഭിച്ചിട്ടുണ്ട്.