കുവൈറ്റ്: പ്രവാസികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ ഇലക്ട്രോണിക് ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കി

featured GCC News

പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പ് പുറത്തിറക്കിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് ആരംഭിച്ചതായും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.

2023 ഫെബ്രുവരി 16-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ഈ ആപ്പിലൂടെ പ്രവാസികളുടെയും, സന്ദർശകരുടെയും എൻട്രി സ്റ്റാറ്റസ് പരിശോധിക്കുന്നതിനും, ഇലക്ട്രോണിക് മാർഗങ്ങളിലൂടെ എൻട്രി വിസകൾക്ക് പ്രവേശനാനുമതി നൽകുന്നതും ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Source: Kuwait MoI.

ഇത്തരം നടപടിക്രമങ്ങൾ കൂടുതൽ കൃത്യതയാർന്നതാക്കുന്നതിനും, പ്രവാസികൾക്കും, സന്ദർശകർക്കും കുവൈറ്റിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിന് മുൻപായി ഇത്തരം നടപടികളുടെ സാധുത ഉറപ്പ് വരുത്തുന്നതിനും ഈ ആപ്പ് സഹായകമാകുന്നതാണ്. കുവൈറ്റിലേക്ക് പ്രവാസികൾ പ്രവേശിക്കുന്നത് ക്രമപ്പെടുത്തുന്നതിനും, ഇവരുടെ എൻട്രി വിസകളുമായി ബന്ധപ്പെട്ടുള്ള തിരിമറികൾ ഒഴിവാക്കുന്നതിനുമായാണ് കുവൈറ്റ് ആഭ്യന്തര വകുപ്പ് ഇത്തരം ഒരു സംവിധാനം പ്രവർത്തനക്ഷമമാക്കുന്നത്.

വിവിധ രാജ്യങ്ങളിൽ കുറ്റവാളികളായവരുടെയും, പിടികിട്ടാപ്പുള്ളികളായവരുടെയും, വിവിധ തരത്തിലുള്ള പകർച്ചവ്യാധികളുള്ളവരുടെയും കുവൈറ്റിലേക്കുള്ള പ്രവേശനം തടയുന്നതിനും ഈ ആപ്പ് ഉപയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, കുവൈറ്റിൽ പ്രവർത്തിക്കുന്ന വിവിധ വിമാനകമ്പനികൾ, വിദേശരാജ്യങ്ങളിലെ കുവൈറ്റ് എംബസികൾ എന്നിവരുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സംവിധാനം പ്രാവർത്തികമാക്കുന്നത്.

നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. എന്നാൽ, ഭാവിയിൽ പ്രവാസികളുടെ കുവൈറ്റിലേക്കുള്ള പ്രവേശനം പൂർണ്ണമായും ഈ ആപ്പ് ഉപയോഗപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും മന്ത്രാലയം സൂചന നൽകിയിട്ടുണ്ട്.

Cover Image: Kuwait MoI.