വിസ അപേക്ഷകളുമായി ബന്ധപ്പെട്ട് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഒരു ഔദ്യോഗിക ഓൺലൈൻ സംവിധാനം ആരംഭിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യക്തികൾക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്നതിനുള്ള വിവിധ വിസകളുമായി ബന്ധപ്പെട്ട അപേക്ഷകൾ നൽകുന്നതിന് ഈ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. https://kuwaitvisa.moi.gov.kw എന്ന വിലാസത്തിലാണ് “കുവൈറ്റ് വിസ” എന്ന ഈ ഔദ്യോഗിക ഇലക്ട്രോണിക് സംവിധാനം ലഭ്യമാക്കിയിരിക്കുന്നത്.
വിവിധ തരത്തിലുള്ള ഇ-വിസകൾക്ക് അപേക്ഷിക്കുന്നതിനൊപ്പം, അപേക്ഷകളുടെ സ്റ്റാറ്റസ് അറിയുന്നതിനും, വിസ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനും, ഇമിഗ്രേഷൻ സംബന്ധിയായ മറ്റു വിവരങ്ങൾ അറിയുന്നതിനും ഈ സംവിധാനം സഹായകമാണ്.
ടൂറിസ്റ്റ്, കൊമേർഷ്യൽ, ഫാമിലി, ഗവണ്മെന്റ് വിസിറ്റ് വിസകൾക്കുള്ള അപേക്ഷകൾ ഈ സംവിധാനത്തിലൂടെ നൽകാവുന്നതാണ്.

