ഇന്ന് രുചികൂട്ടിലൂടെ വളരെ എളുപ്പത്തിൽ, കുറഞ്ഞ വിഭവങ്ങൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന കൊഞ്ച് ഈർക്കിൽ (സ്റ്റിക്ക്) ഫ്രൈ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ഇതിനായി ആവശ്യമുള്ള ചേരുവകൾ:
കൊഞ്ച് (വലിയ ചെമ്മീൻ) -8 എണ്ണം
ചെറുനാരങ്ങ- 1 ചെറുത്
പച്ചമുളക്-2
വെളുത്തുള്ളി- 5 അല്ലി
ഇഞ്ചി-1 ചെറിയ കഷ്ണം
കറിവേപ്പില-2 തണ്ട്
ഉപ്പ്- ആവശ്യത്തിന്
മുളകുപൊടി- 1 ടേബിൾസ്പൂൺ
മഞ്ഞൾപ്പൊടി-1/4 ടീസ്പൂൺ
കുരുമുളക്(പൊടിക്കാത്തത് )-1 ടീസ്പൂൺ
വെളിച്ചെണ്ണ- വറുക്കാൻ ആവശ്യത്തിന്
ഇനി കൊഞ്ച് ഈർക്കിൽ ഫ്രൈ എങ്ങനെ പാകം ചെയ്യാം എന്ന് നോക്കാം:
- മുകളിൽ കൊടുത്തിരിക്കുന്ന അളവിലുള്ള പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കുരുമുളക് എന്നിവ നാരങ്ങ പിഴിഞ്ഞതും ചേർത്ത് നന്നായി അരച്ചെടുക്കുക
- ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ആവശ്യമുണ്ടെങ്കിൽ മാത്രം കുറച്ച് വെള്ളം ചേർത്ത് നന്നായി മയത്തിൽ അരച്ചെടുക്കുക.
- കൊഞ്ചിന്റെ ഒരുവശം ചെറുതായി ഒന്ന് നീളത്തിൽ മുറിച്ചു കൊടുത്തിട്ട്, അരച്ചുവച്ച മസാല എല്ലാകൊഞ്ചിലും നന്നായി തേച്ചുപിടിപ്പിക്കുക. ഇതിനുശേഷം അരമണിക്കൂർ മസാല നന്നായി പിടിക്കുന്നതിനായി ഫ്രിഡ്ജിൽ വെക്കാവുന്നതാണ്.
- അരമണിക്കൂറിനുശേഷം ഓരോ കൊഞ്ചും നീളത്തിലുള്ള ഓരോ പച്ച ഈർക്കിലിയിൽ നടുഭാഗത്ത് കൂടെ പൊട്ടിപ്പോകാതെ കുത്തി കോർത്ത് എടുക്കുക (ഒരറ്റത്തുനിന്ന് മറ്റേ അറ്റംവരെ)
- ഇതിനുശേഷം വറുക്കാൻ പാത്രം അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ, ആവശ്യമായ വെളിച്ചെണ്ണ ഒഴിച്ച്, എണ്ണ നന്നായി ചൂടാകുമ്പോൾ കൊഞ്ചു അതിലേക്ക് ഇട്ട്, രണ്ടുവശവും മറിച്ചും തിരിച്ചും ഇട്ടു വറുത്തെടുക്കുക. മീഡിയം തീയിൽ വച്ച് കരിഞ്ഞു പോകാതെ വറുത്ത് എടുക്കാൻ ശ്രദ്ധിക്കുക. (ഈർക്കിലിൽ കോർക്കാതെയും കൊഞ്ചു ഈ രീതിയിൽ വറുത്തെടുക്കാം)
അങ്ങനെ കൊഞ്ച് ഈർക്കിൽ ഫ്രൈ തയ്യാർ! ഇതിലേക്ക് കുറച്ച് നാരങ്ങാനീരും പിഴിഞ്ഞൊഴിച്ച് ചൂടോടെ കഴിക്കാവുന്നതാണ്….
തയ്യാറാക്കിയത്: ബിനി.C.X, ഇടപ്പള്ളി, കൊച്ചി