സൗദി അറേബ്യ: ദിനംപ്രതിയുള്ള മദീന ബസ് സർവീസുകൾ പുനരാരംഭിച്ചു

featured Saudi Arabia

മദീന ബസ് പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്ന ദിനംപ്രതിയുള്ള സിറ്റി ബസ് സർവീസുകൾ 2023 ഏപ്രിൽ 22 മുതൽ പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

ദിനവും രാവിലെ 6 മണിമുതൽ 10 മണിവരെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്. മദീനയുടെ എല്ലാ മേഖലകളെയും ബന്ധിപ്പിച്ച് കൊണ്ട് 98 ബസ് സ്റ്റേഷനുകളെ ഉൾപ്പെടുത്തി അഞ്ച് ട്രാക്കുകളിലൂടെയാണ് ഈ ബസുകൾ സർവീസ് നടത്തുന്നത്.

  • ‘അൽ ഹറമൈൻ ട്രെയിൻ – പ്രൊഫറ്റ്സ് മോസ്‌ക്’ ട്രാക്കിലെ ബസുകൾ ഓരോ 60 മിനിറ്റ് ഇടവേളകളിലാണ് സർവീസ് നടത്തുന്നത്. ഈ ട്രാക്കിൽ മൂന്ന് സ്റ്റേഷനുകളാണുള്ളത്.
  • ‘പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എയർപോർട്ട് – പ്രൊഫറ്റ്സ് മോസ്‌ക്’ ട്രാക്കിലെ ബസുകൾ ഓരോ 30 മിനിറ്റ് ഇടവേളയിലും സർവീസ് നടത്തുന്നതാണ്. ഈ ട്രാക്കിൽ 2 സ്റ്റേഷനുകളാണുള്ളത്.
  • 34 സ്റ്റേഷനുകളുള്ള ‘തൈബാഹ് യൂണിവേഴ്സിറ്റി – അൽ ആലിയ മാൾ’ ട്രാക്കിൽ ഓരോ 15 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.
  • 38 സ്റ്റേഷനുകളുള്ള ‘മീഖത് – അൽ ഖാലിദിയ’ ട്രാക്കിൽ ഓരോ 15 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.
  • 21 സ്റ്റേഷനുകളുള്ള ‘അൽ ഖസ്‌വാ – സവാദ് അൽ ഷുഹാദാ’ ട്രാക്കിൽ ഓരോ 20 മിനിറ്റിലും ബസ് സർവീസ് നടത്തുന്നതാണ്.

Cover Image: @Madinah_Bus.