രാജ്യത്തെ തൊഴിലിടങ്ങളിൽ സംഭവിക്കുന്ന അപകടങ്ങൾ, പരിക്കുകൾ എന്നിവയ്ക്ക് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ചും, ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് സംബന്ധിച്ചും യു എ ഇ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. ‘657/2022’ എന്ന ഈ ഉത്തരവ് പ്രകാരം ഇത്തരം സംഭവങ്ങളിൽ തൊഴിലുടമകൾക്കുള്ള നിയമബാദ്ധ്യത വ്യക്തമാക്കിയിട്ടുണ്ട്.
2023 ജനുവരി 3-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്‍തത്. ഈ ഉത്തരവ് പ്രകാരം, രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ, പരിക്കുകൾ, അസുഖങ്ങൾ എന്നിവ മന്ത്രാലയത്തിന്റെ ഒരു ഡാറ്റാബേസിൽ റിപ്പോർട്ട് ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും, അപകടസാധ്യതകൾ കണ്ടെത്തുന്നതിനും ഈ റിപ്പോർട്ടിങ്ങ് സഹായകമാകുമെന്ന് MoHRE അറിയിച്ചു. സ്വകാര്യ മേഖലയിലെ തൊഴിൽപരമായ ആരോഗ്യ, സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനാണ് MoHRE ഇതിലൂടെ ലക്ഷ്യമിടുന്നത്.
ജീവനക്കാർക്കിടയിൽ സുരക്ഷിതത്വബോധം വളർത്തുന്നതും, കൂടുതൽ സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്തുന്നതും ഉത്‌പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, തൊഴിൽ മേഖലയിലെ കാര്യക്ഷമത ഉയർത്തുന്നതിനും കാരണമാകുമെന്ന് MoHRE ചൂണ്ടിക്കാട്ടി.
സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ, പരിക്കുകൾ, അസുഖങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നതിനായി താഴെ പറയുന്ന മാർഗങ്ങൾ ഉപയോഗപ്പെടുത്താമെന്ന് MoHRE അറിയിച്ചിട്ടുണ്ട്:
- (600) 590-000 എന്ന നമ്പറിൽ വിളിച്ച് കൊണ്ട് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
- ബിസിനസ്മെൻ സർവീസ് സെന്ററുകളിൽ നേരിട്ടെത്തി ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
- MoHRE-യുടെ സ്മാർട്ട് ആപ്പ് ഉപയോഗിച്ചും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ചുമതല തൊഴിലുടമയ്ക്കാണ്. സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങൾ, അപകടം സംഭവിച്ച ജീവനക്കാരന്റെ വിവരങ്ങൾ, അപകടം, അല്ലെങ്കിൽ പരിക്കിന്റെ തീവ്രത, സംഭവം നടന്ന തീയതി, അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ, അപകടത്തില്‍പ്പെട്ടയാള്‍ക്കു നൽകിയ പ്രഥമശുശ്രൂഷ സംബന്ധിച്ച വിവരങ്ങൾ, ചികിത്സാ വിവരങ്ങൾ എന്നിവ ഉൾപ്പടെയാണ് ഈ റിപ്പോർട്ട് നൽകേണ്ടത്.
ഇത്തരം റിപ്പോർട്ടുകളിൽ നൽകുന്ന വിവരങ്ങൾ സ്വയമേവ നാഷണൽ സിസ്റ്റം ഫോർ വർക്ക് ഇഞ്ചുറീസ് സംവിധാനത്തിലേക്ക് ഉൾപ്പെടുത്തുന്നതാണ്. അമ്പതിലധികം ജീവനക്കാരുള്ള തൊഴിലിടങ്ങളിൽ സംഭവിക്കുന്ന ഇത്തരം അപകടങ്ങൾ, പരിക്കുകൾ മുതലായവ സംബന്ധിച്ച്, സ്ഥാപനങ്ങൾ കൈക്കൊള്ളുന്ന നടപടിക്രമങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിനാണ് ഈ ഉത്തരവിലൂടെ MoHRE ലക്ഷ്യമിടുന്നത്.
തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന എല്ലാ അപകടങ്ങളെയും, അസുഖങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഈ സംവിധാനത്തിൽ സൂക്ഷിക്കുന്നതാണ്. ഇതോടൊപ്പം, ആപത്കരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്ന ജീവനക്കാർക്കിടയിൽ നടപ്പിലാക്കുന്ന മുൻകരുതൽ നടപടികൾ, പുനരധിവാസ പദ്ധതികൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ഈ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഇതിലൂടെ തൊഴിലാളികൾക്ക് ആരോഗ്യ, സുരക്ഷാ ഭീഷണി ഉണ്ടാക്കുന്ന തൊഴിൽ സാഹചര്യങ്ങൾ നിശ്ചയിക്കുന്നതിന് സാധിക്കുന്നതാണ്.
ഇത്തരം അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ജീവനക്കാർക്ക് ആവശ്യമായ ചികിത്സ, നഷ്ടപരിഹാരം എന്നിവ നൽകുന്നതിന് തൊഴിലുടമ നിയമപ്രകാരം ബാധ്യസ്ഥനാണ്. ജീവനക്കാരന്റെ നിലവിലെ ബേസിക് സാലറിയെ അടിസ്ഥാനമാക്കിയാണ് ഇത്തരം നഷ്ടപരിഹാരതുക കണക്കാക്കുന്നത്.
ഇത്തരം അപകടങ്ങൾ സംഭവിക്കുന്ന ജീവനക്കാർ മരണപ്പെടുന്ന സാഹചര്യത്തിൽ ഈ നഷ്ടപരിഹാരതുക നിയമപ്രകാരമുള്ള അവരുടെ അവകാശികൾക്ക് നൽകുന്നതാണ്. ഭാഗികമായ ശാരീരികവൈകല്യം സംഭവിക്കുന്ന സാഹചര്യത്തിൽ ഒരു പ്രത്യേക മെഡിക്കൽ കമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരമായിരിക്കും നഷ്ടപരിഹാരതുക കണക്കാക്കുന്നത്.
ഇത്തരം നഷ്ടപരിഹാരം മുഴുവനായി നൽകി തീർക്കുന്നതിന് മുൻപായി തൊഴിലുടമ ജീവനക്കാരനുമായുള്ള തൊഴിൽ കരാർ അവസാനിപ്പിക്കരുതെന്നും ഈ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
WAM