ദുബായ്: മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഒന്നാം വാർഷികം; ഒരു വർഷത്തിനിടയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകർ മ്യൂസിയത്തിലെത്തി

featured GCC News

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഒരു വർഷത്തിനിടയിൽ ഒരു ദശലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. 2023 ഫെബ്രുവരി 22-ന് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന അവസരത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

2022 ഫെബ്രുവരി 22-നാണ് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് നൂതനമായ പരിഹാരങ്ങൾ സൃഷ്ടിക്കുന്നതിനായി ഭാവി തലമുറയ്ക്ക് ഒരു പരീക്ഷണശാലയായി വർത്തിക്കുന്ന ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ “ഭൂമിയിലെ ഏറ്റവും മനോഹരമായ കെട്ടിടം” എന്നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഉദ്ഘാടന വേളയിൽ വിശേഷിപ്പിച്ചത്.

ഒരു വർഷത്തിനിടയിൽ 163 രാജ്യങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം സന്ദർശകർ ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ആദ്യ വർഷത്തിൽ തന്നെ ആഗോളതലത്തിലുള്ള 180-ൽ പരം ചടങ്ങുകൾക്കും, പരിപാടികൾക്കും ഈ മ്യൂസിയം വേദിയായതായി അധികൃതർ കൂട്ടിച്ചേർത്തു.

സാങ്കേതികവിദ്യ, സാമ്പത്തികശാസ്ത്രം, സംരംഭകത്വം, ബഹിരാകാശശാസ്ത്രം, ടൂറിസം, സംസ്കാരം മുതലായ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾക്കാണ് മ്യൂസിയം ആതിഥേയത്വം വഹിച്ചത്. ഒരു വർഷത്തിനിടയിൽ 20-ഓളം ഔദ്യോഗിക പ്രതിനിധിസംഘങ്ങൾ മ്യൂസിയം സന്ദർശിച്ചതായും, ഈ കാലയളവിൽ മ്യൂസിയം പത്തോളം അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയതായും അധികൃതർ അറിയിച്ചു.

30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിലാണ് ‘ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ നിർമ്മിച്ചിരിക്കുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്‌, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.

ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനായി 2023 ജനുവരിയിൽ ഒരു പുതിയ ‘റോബോഡോഗ്’ റോബോട്ടിനെ അവതരിപ്പിച്ചിരുന്നു.

നാല് കാലുകളിൽ സഞ്ചരിക്കുന്ന ഈ നൂതന സാങ്കേതികവിദ്യകളുള്ള റോബോട്ട് നായ മ്യൂസിയം ഓഫ് ഫ്യൂച്ചറിലെ നിരവധി റോബോട്ടുകളിലൊന്നാണ്.

Cover Image: WAM.