ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് ക്വാറന്റീൻ ഒഴിവാക്കിയതായി ഇന്ത്യൻ എംബസി

featured GCC News

COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ലെന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ബഹ്‌റൈൻ തങ്ങളുടെ യാത്രാ നിബന്ധനകളിൽ മാറ്റം വരുത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കി നൽകുന്നത്.

ഇന്ത്യയിൽ നിന്ന് ലോകാരോഗ്യ സംഘടന, അല്ലെങ്കിൽ ബഹ്‌റൈൻ അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവർക്കാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത്തരം യാത്രികർക്ക് വാക്സിനെടുത്തതായി തെളിയിക്കുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

ഇത്തരം വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പ് വരുത്തുന്നതിനുള്ള QR കോഡ് സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകണമെന്നും എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നെത്തുന്ന വാക്സിനെടുത്തിട്ടുള്ള യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ ഒഴിവാക്കുന്നതിനൊപ്പം, യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന RT-PCR നെഗറ്റീവ് സർട്ടിഫിക്കറ്റുകളും ഒഴിവാക്കിയിട്ടുണ്ട്.