ഒമാൻ: COVID-19 വാക്സിനുമായി ബന്ധപ്പെട്ട് പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

featured GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ ഇതുവരെ ഗുരുതരമായ പാർശ്വഫലങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മാർച്ച് 14-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ താത്കാലികമായി നിർത്തലാക്കാനുള്ള ഏതാനം യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനത്തെത്തുടർന്ന്, ഈ വാക്സിൻ സംബന്ധിച്ചുള്ള സുരക്ഷ, സഫലത മുതലായവയെക്കുറിച്ച് മാധ്യമങ്ങളിലും മറ്റും ആശങ്കകൾ ഉയർന്നതോടെയാണ് ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്. ആസ്ട്രസെനേക വാക്സിൻ കുത്തിവെപ്പുകൾ താത്കാലികമായി നിർത്തലാക്കാനുള്ള ഏതാനം രാജ്യങ്ങളുടെ തീരുമാനം മുൻകരുതൽ എന്ന നിലയിലുള്ള സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രാലയം അറിയിച്ചു.

ആസ്ട്രസെനേക COVID-19 വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകളെ തുടർന്ന് ഡെൻമാർക്ക്‌, നോർവേ, ഐസ്ലാൻഡ് മുതലായ രാജ്യങ്ങൾ ഈ വാക്സിൻ കുത്തിവെപ്പുകൾ താത്‌കാലികമായി നിർത്തിവെച്ചിരുന്നു. ഇത്തരം റിപ്പോർട്ടുകൾ സംബന്ധിച്ചുള്ള പരിശോധനകൾക്ക് വേണ്ടിയാണ് കുത്തിവെപ്പുകൾ നിത്തലാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. രക്തം കട്ടപിടിക്കുന്നതായുള്ള റിപ്പോർട്ടുകൾക്ക് COVID-19 വാക്സിനുമായി ബന്ധമുള്ളതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസിയോ, ലോകാരോഗ്യ സംഘടനയോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഈ വാക്സിൻ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ വിശ്വസിക്കരുതെന്ന് ഒമാനിലെ പൊതുസമൂഹത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇതുവരെ രാജ്യത്ത് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവരിൽ ഗുരുതര പാർശ്വഫലങ്ങളൊന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ, രാജ്യത്തെ COVID-19 വാക്സിനുകളുടെ സുരക്ഷ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയവും സമാനമായ ഒരു അറിയിപ്പ് പുറത്തിറക്കിയിരുന്നു.