ഒമാൻ ദേശീയ വിമാനക്കമ്പനിയായ ഒമാൻ എയർ, മസ്കറ്റിൽ നിന്ന് ആഗോള തലത്തിൽ 25 നഗരങ്ങളിലേക്ക് സർവീസുകൾ നടത്തുന്നതായി പ്രഖ്യാപിച്ചു. ഇതിൽ കൊച്ചി ഉൾപ്പടെ ആറ് ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളും ഉൾപ്പെടുന്നു.
ജനുവരി 12-ന് പുറത്തിറക്കിയ ഈ അറിയിപ്പ് പ്രകാരം കൂടുതലായി ഏർപ്പെടുത്തിയിട്ടുള്ള വിമാന സർവീസുകൾ ജനുവരി ആദ്യ വാരം മുതൽ തന്നെ ആരംഭിച്ചതായും ഒമാൻ എയർ വ്യക്തമാക്കി. നിലവിൽ കൊച്ചി, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബാംഗ്ലൂർ, ചെന്നൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് ഒമാൻ എയർ വ്യോമയാന സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടുതൽ നഗരങ്ങളിലേക്ക് വ്യോമയാന സേവനങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം, നിലവിൽ വ്യോമയാന സേവനങ്ങൾ നൽകുന്ന ഏതാനം നഗരങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണം കൂട്ടുന്നതിനും ഒമാൻ എയർ തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രകാരം മസ്കറ്റ് – ദോഹ വിമാനങ്ങളുടെ എണ്ണം പ്രതിവാരം 2 എന്നത് 4 ആക്കി ഉയർത്തും. മസ്കറ്റ് – ദുബായ് മൂന്നിൽ നിന്ന് അഞ്ച് സർവീസുകളാക്കാനും, മസ്കറ്റ് – ലണ്ടൻ രണ്ടിൽ നിന്ന് മൂന്ന് സർവീസുകളാക്കി കൂട്ടുന്നതിനും ഒമാൻ എയർ തീരുമാനിച്ചിട്ടുണ്ട്.
യാത്രികരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വ്യോമയാന സേവനങ്ങൾ നടത്തുന്നതെന്ന് ഒമാൻ എയർ വ്യക്തമാക്കി. യാത്രികർക്ക് വിമാനത്തിനകത്തും, വിമാനത്താവളങ്ങളിലും ഉൾപ്പടെ യാത്രയിലുടനീളം മാസ്കുകൾ നിർബന്ധമാണ്. വിമാനങ്ങളിൽ കയറുമ്പോഴും, ഇറങ്ങുമ്പോഴും യാത്രികർക്കിടയിൽ സമൂഹ അകലം ഉറപ്പാക്കുമെന്നും, ഭക്ഷണ പാനീയങ്ങൾ വിതരണം ചെയ്യുന്നത് പൂർണ്ണ സുരക്ഷയോടെയാണെന്നും അധികൃതർ വ്യക്തമാക്കി.