വിമാനത്തിനുള്ളിൽ പവർബാങ്ക് ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി

featured GCC News

വിമാനത്തിനുള്ളിൽ പവർബാങ്ക്, ലിഥിയം ബാറ്ററികൾ എന്നിവ ഉൾപ്പടെയുള്ള ഉപകരണങ്ങൾ വിലക്കുന്നതുമായി ബന്ധപ്പെട്ട് ഒമാൻ എയർ അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം ഉപകരണങ്ങൾ മുന്നോട്ട് വെക്കുന്ന അപകടസാധ്യതകൾ ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടാണ് ഒമാൻ എയർ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്. വിമാനങ്ങളിൽ ലിഥിയം ബാറ്ററികൾ, പവർബാങ്ക്, സ്മാർട്ട് ലഗേജുകൾ, ഇ-സിഗരറ്റ് തുടങ്ങിയവ കൊണ്ട് പോകുന്നത് സംബന്ധിച്ച നിബന്ധനകൾ ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങളാണ് ഒമാൻ എയർ അറിയിച്ചിരിക്കുന്നത്:

  • ചെക്ക്-ഇൻ ബാഗേജുകളിൽ പവർബാങ്ക് ഒരു കാരണവശാലും അനുവദിക്കുന്നതല്ല.
  • പവർബാങ്കുകൾ ഹാൻഡ് ബാഗേജിൽ കരുതുന്നതിനാണ് മാത്രമാണ് അനുമതി.
  • വിമാനത്തിനുള്ളിൽ വെച്ച് ഇത്തരം പവർബാങ്ക് ഉപയോഗിച്ച് കൊണ്ട് ഉപകരണങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
  • വിമാനത്തിലെ പവർ പോയിന്റുകളിൽ നിന്ന് ഈ പവർബാങ്ക് ചാർജ്ജ് ചെയ്യുന്നതിന് അനുമതിയില്ല.
  • വിമാനയാത്രയിലുടനീളം ഈ പവർ ബാങ്ക് ഓഫ് ചെയ്ത് വെക്കേണ്ടതാണ്.
  • ഇത്തരത്തിലുള്ള പവർബാങ്ക് അടങ്ങിയ ബാഗ് സീറ്റ് പോക്കറ്റിലോ, സീറ്റിനു കീഴിലോ വേണം സൂക്ഷിക്കാനെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
  • കൃത്യമായ ലേബലുകൾ ഇല്ലാത്തതും, കേടായതുമായ പവർബാങ്കുകൾ അനുവദിക്കുന്നതല്ല.
  • നീക്കാനാകാത്ത ബാറ്ററികളുള്ള സ്മാർട്ട് ബാഗുകൾ ചെക്ക്-ഇൻ ചെയ്യുന്നതിന് അനുവദിക്കുന്നതല്ല.
  • എടുത്ത് മാറ്റാനാകുന്ന ബാറ്ററികളുള്ള സ്മാർട്ട് ബാഗുകൾ ഉപയോഗിക്കുന്ന യാത്രികർ ചെക്ക്-ഇൻ ചെയ്യുന്നതിന് മുൻപായി സ്മാർട്ട് ബാഗിൽ നിന്ന് ഇത്തരം ബാറ്ററി അഴിച്ച് മാറ്റേണ്ടതാണ്. അഴിച്ച് മാറ്റിയ ബാറ്ററി യാത്രയിലുടനീളം കാബിൻ ബാഗേജിൽ സൂക്ഷിക്കേണ്ടതാണ്.
  • ഇ-സിഗരറ്റ്, ഇതുമായി ബന്ധപ്പെട്ട മറ്റുപകരണങ്ങൾ എന്നിവ ഹാൻഡ് ബാഗേജിൽ കരുതുന്നതിന് മാത്രമാണ് അനുമതി. ഇവ വിമാനത്തിൽ വെച്ച് ഉപയോഗിക്കുന്നതിനോ, ചാർജ്ജ് ചെയ്യുന്നതിനോ അനുമതിയില്ല.
  • സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവ വിമാനത്തിലെ പവർ പോയിന്റുകളിൽ നിന്ന് മാത്രമാണ് ചാർജ്ജ് ചെയ്യുന്നതിന് അനുമതി. ഇത്തരം പേർസണൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മുഴുവൻ സമയവും യാത്രികരുടെ മേൽനോട്ടത്തിൽ തന്നെ കരുതേണ്ടതാണ്.
  • ലിഥിയം ബാറ്ററി ഉപയോഗിക്കുന്ന ഹോവർ ബോർഡുകൾ, ബാലൻസ് വീലുകൾ, മിനി സ്‌കൂട്ടറുകൾ, മിനി സെഗ്‌വേകൾ എന്നിവ ചെക്ക്-ഇൻ ബാഗേജുകളിലോ, ക്യാബിൻ ബാഗേജുകളിലോ കൊണ്ട് പോകുന്നതിന് അനുമതിയില്ല.