2024 ഓഗസ്റ്റ് 4, ഞായറാഴ്ച മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബോർഡിങ് കട്ട് ഓഫ് സമയത്തിൽ വരുത്തുന്ന മാറ്റത്തെക്കുറിച്ച് ഒമാൻ എയർ യാത്രികരെ ഓർമ്മപ്പെടുത്തി. 2024 ഓഗസ്റ്റ് 1-നാണ് ഒമാൻ എയർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഓഗസ്റ്റ് 4 മുതൽ മസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ പാസഞ്ചർ ബോർഡിങ് സിസ്റ്റത്തിലുള്ള (PBS) പ്രോസസിംഗ് സമയത്തിൽ മാറ്റങ്ങൾ വരുത്തുന്നതായി ഒമാൻ എയർപോർട്ട് അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇതോടെ ഓഗസ്റ്റ് 4 മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യുന്നവർ സാധാരണയിലും നേരത്തെ വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടി വരുന്നതാണ്.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവർ തങ്ങളുടെ വിമാന സമയത്തിന് ഏറ്റവും ചുരുങ്ങിയത് 40 മിനിറ്റ് മുൻപേയെങ്കിലും ഇലക്ട്രോണിക് ബോർഡിങ് ഗേറ്റുകളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഒമാൻ എയർ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് ശേഷമെത്തുന്ന യാത്രികർക്ക് ബോർഡിങ് ഗേറ്റുകളിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെടാനിടയുണ്ടെന്നും, അതിനാൽ സമയക്രമം പാലിക്കേണ്ടത് ഏറെ പ്രധാനമാണെന്നും ഒമാൻ എയർ കൂട്ടിച്ചേർത്തു.
തങ്ങളുടെ ചെക്ക്-ഇൻ സമയക്രമങ്ങളിലോ, നടപടികളിലോ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ഒമാൻ എയർ അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാന സമയത്തിന് 60 മിനിറ്റ് മുൻപ് ചെക്ക്-ഇൻ നടപടികൾ അവസാനിക്കുന്നതാണ്.
Cover Image: Oman Air.