ഒമാൻ: സന്ദർശക വിസകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി ROP

featured GCC News

സന്ദർശക വിസകളിൽ ഒമാനിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾക്ക് വർക്ക് പെർമിറ്റിലേക്ക് മാറുന്നതിന് അനുമതി നൽകിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഇതിനായി വിദേശ പൗരന്മാർക്ക് റെസിഡൻസി അനുവദിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ ഭേദഗതി ചെയ്തതായും ROP വ്യക്തമാക്കി. ഏതാനം മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ഇവർക്ക് വർക്ക് വിസകളിലേക്ക് മാറുന്നതിന് അനുമതി നൽകുന്നത്.

ഒമാൻ പോലീസ് ആൻഡ് കസ്റ്റംസ് ഇൻസ്‌പെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ ബിൻ മുഹ്‌സിൻ അൽ ഷ്രഖിയാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഈ പുതിയ നിയമ പ്രകാരം സ്റ്റുഡന്റ് വിസ, ഫാമിലി ജോയ്‌നിങ്ങ് വിസ തുടങ്ങിയ വിസകളിൽ ഒമാനിലെത്തുന്നവർക്ക് വർക്ക് വിസയിലേക്ക് മാറുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്.

ഈ പുതിയ നിയമപ്രകാരം ഒമാനിൽ താഴെ പറയുന്ന വിസകളിലുള്ളവർക്ക് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പുതിയ വർക്ക് വിസയിലേക്കോ, താത്കാലിക വർക്ക് വിസയിലേക്കോ മാറുന്നതിന് അനുമതി നൽകുന്നതാണ്:

  • ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ളവർക്ക് അനുവദിച്ചിട്ടുള്ള വിസിറ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.
  • ഒമാനിൽ താമസിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെ സന്ദർശിക്കുന്നതിനായി അനുവദിക്കപ്പെട്ടിട്ടുള്ള വിസിറ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.
  • പത്ത് ദിവസം മുതൽ ഒരു മാസത്തെ വരെ കാലാവധിയുള്ള സിംഗിൾ എൻട്രി ടൂറിസ്റ്റ് വിസകളിൽ ഒമാനിൽ പ്രവേശിക്കുന്നവർ.
  • സിംഗിൾ എൻട്രി, മൾട്ടിപ്പിൾ എൻട്രി ബിസിനസ് വിസകൾ, എക്സ്പ്രസ്സ് വിസകൾ, ഇൻവെസ്റ്റർ വിസകൾ, സ്റ്റുഡൻറ് വിസകൾ എന്നിവയിലേതെങ്കിലും ഒരു വിസയിൽ ഒമാനിൽ പ്രവേശിക്കുന്നവർ.
  • ക്രൂയിസ് കപ്പലുകളിലെ നാവികർ, യാത്രികർ എന്നിവർക്ക് അനുവദിക്കുന്ന വിസകളിൽ രാജ്യത്ത് പ്രവേശിക്കുന്നവർ.
  • ഒമാനിൽ വീടുകളുള്ളവർ, ഇവരുടെ കുടുംബാംഗങ്ങൾ.