ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ ഒമാനിലേക്ക് പ്രവേശിക്കാനാകുന്ന പ്രത്യേക മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ പ്രത്യേക വിസ പദ്ധതി പ്രകാരം, ഹയ്യ കാർഡ് ഉടമകൾക്ക് ഒമാനിലേക്ക് 60 ദിവസം വരെ സാധുതയുള്ള മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ നേടാവുന്നതാണ്. 2022 സെപ്റ്റംബർ 7-ന് നടന്ന പ്രത്യേക പത്രസമ്മേളനത്തിൽ ഒമാൻ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് പാസ്സ്പോർട്ട്സ് ആൻഡ് സിവിൽ സ്റ്റാറ്റസ് വിഭാഗം ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ അഹ്‌മദ് ബിൻ സയീദ് അൽ ഗഫ്‌റിയാണ് ഇക്കാര്യം അറിയിച്ചത്.
ഇത്തരം വിസകൾ സൗജന്യമായാണ് അനുവദിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹയ്യ കാർഡ് ഉടമകൾക്ക് തങ്ങളുടെ അടുത്ത ബന്ധുക്കളുമായി ഒമാനിലേക്ക് പ്രവേശിക്കുന്നതിനും, ഒമാനിൽ താമസിക്കുന്നതിനും അനുവാദമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹയ്യ കാർഡ് ഉടമകൾക്ക് 2022 നവംബർ 1 മുതൽ ഡിസംബർ 23 വരെയുള്ള കാലയളവിലാണ് ഈ സേവനം പ്രയോജനപ്പെടുത്താനാകുന്നത്. ഫുട്ബോൾ ആരാധകർക്ക് താമസ സൗകര്യങ്ങൾ നൽകുന്നതിനായി ഒമാനിൽ ഏതാണ്ട് 20000 ഹോട്ടൽ മുറികളും, 200-ൽ പരം റിസോർട്ടുകളും ഒരുക്കിയിട്ടുണ്ട്. ഒമാനിൽ നിന്ന് ദോഹയിലേക്ക് പ്രതിദിന വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചിട്ടുണ്ട്.
ഹയ്യ കാർഡ് ഉടമകൾക്ക് താഴെ പറയുന്ന രീതിയിൽ ഒമാനിലേക്കുള്ള മൾട്ടി-എൻട്രി ടൂറിസ്റ്റ് വിസകൾ നേടാവുന്നതാണ്:
- https://evisa.rop.gov.om/ എന്ന വിലാസത്തിലൂടെ അപേക്ഷ സമർപ്പിക്കുക.
- ഖത്തറിൽ നിന്നുള ഹയ്യ കാർഡ് നേടിയിരിക്കണം.
- ഒമാനിൽ ഹോട്ടൽ റൂം ബുക്ക് ചെയ്യുക.
- തുടർന്ന് ഈ അപേക്ഷയോടൊപ്പം സ്വന്തം ഫോട്ടോ, പാസ്പ്പോർട്ടിന്റെ കോപ്പി, യാത്രാ ടിക്കറ്റിന്റെ കോപ്പി എന്നിവ സമർപ്പിക്കുക.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ താഴെ നൽകിയിട്ടുള്ള വിലാസത്തിൽ ലഭ്യമാണ്.
ഈ വർഷം നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ഫിഫ ലോകകപ്പ് ഖത്തർ 2022 നടക്കുന്നത്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് കാണുന്നതിനുള്ള ഹയ്യ ഡിജിറ്റൽ കാർഡ് കൈവശമുള്ള ഫുട്ബോൾ ആരാധകർക്ക് ലോകകപ്പ് നടക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്കും, യു എ ഇയിലേക്കും പ്രവേശിക്കുന്നതിന് അനുമതി നൽകുന്ന പ്രത്യേക വിസ പദ്ധതികളെക്കുറിച്ച് അതാത് രാജ്യങ്ങൾ നേരത്തെ അറിയിപ്പ് നൽകിയിട്ടുണ്ട്.