ഒമാൻ: കൂടുതൽ പേരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു

featured Oman

രാജ്യത്ത് 15 പേർക്ക് കൂടി COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2021 ഡിസംബർ 20, തിങ്കളാഴ്ച്ചയാണ് ഒമാനിൽ കൂടുതൽ പേരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഈ സാഹചര്യത്തിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർ കാലതാമസം കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പുറമെ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും കമ്മിറ്റി ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമിക്രോൺ ഉൾപ്പടെയുള്ള വകഭേദങ്ങൾ ആഗോളതലത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് എത്രയും ഈ കുത്തിവെപ്പ് നൽകുന്നതിനായി ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള മൂന്ന് മാസമാക്കി കുറച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

2021 ഡിസംബർ 13-നാണ് COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം ഒമാനിൽ സ്ഥിരീകരിച്ചത്.

Cover Photo: Oman News Agency.