ഒമാൻ: ബാങ്കിങ് വിവരങ്ങൾ പങ്ക് വെക്കരുതെന്ന് CPA

featured GCC News

ബാങ്കിങ് വിവരങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. 2025 ഒക്ടോബർ 22-നാണ് CPA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യാതൊരു സാഹചര്യത്തിലും ബാങ്ക് കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വൺ ടൈം പാസ്സ്‌വേർഡുകൾ (OTP) തുടങ്ങിയവ മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് CPA ഉപഭോക്താക്കളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.

CPA-യുടെ ഭാഗത്ത് നിന്ന് ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് ഉപഭോക്താക്കളെ ബന്ധപ്പെടാറില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് വരുന്ന ഫോൺ കാളുകൾ, എസ്‌ എം എസ്‌ സന്ദേശങ്ങൾ, ഇമെയിലുകൾ മുതലായവ തട്ടിപ്പുകാർ അയക്കുന്നതാകാനുള്ള സാധ്യത CPA ചൂണ്ടിക്കാട്ടി.

ഫിനാൻഷ്യൽ റീഫണ്ട് നടപടികൾ നേരിട്ടുള്ള ഡെപോസിറ്റിലൂടെ മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും, ഇതിനായി ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് CPA ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ സമീപിക്കാറില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.