ഒമാൻ: ഒക്ടോബർ 1 മുതൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു

GCC News

2026 ഒക്ടോബർ 1 മുതൽ ഒമാനിൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു. 2026 സെപ്റ്റംബർ 27-നാണ് ഒമാൻ ടാക്സ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

അവശ്യ ഭക്ഷ്യവസ്തുക്കൾ, മനുഷ്യർക്കുള്ള മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മൃഗങ്ങൾക്കുള്ള മരുന്നുകൾ അനുബന്ധ സാമഗ്രികൾ എന്നിവയ്ക്ക് പൂജ്യം ശതമാനം മൂല്യവർധിത നികുതി (VAT) ബാധകമാക്കിക്കൊണ്ട് ഒമാൻ ടാക്സ് അതോറിറ്റി മൂന്ന് പുതിയ ഭരണപരമായ തീരുമാനങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തീരുമാന പ്രകാരമുള്ള നടപടികൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ജീവിതച്ചെലവ് കുറയ്ക്കുക, സുപ്രധാന മേഖലകളെ പിന്തുണയ്ക്കുക, പൂജ്യം ശതമാനം വാറ്റിന് വിധേയമായ വസ്തുക്കളുടെ ശ്രേണി വികസിപ്പിച്ചുകൊണ്ട് ഒമാന്റെ സാമൂഹിക സംരക്ഷണ ചട്ടക്കൂട് ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പുതിയ ഭരണപരമായ തീരുമാനങ്ങൾ ടാക്സ് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.

ആരോഗ്യം, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ സുപ്രധാന മേഖലകളെ പിന്തുണയ്ക്കുന്നതിനൊപ്പം പൗരന്മാരുടെയും താമസക്കാരുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള ഒമാന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ തീരുമാനങ്ങളെന്ന് നികുതി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന മൂന്ന് തീരുമാനങ്ങളാണ് ഒമാൻ ടാക്സ് അതോറിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്:

  • പഴം, പച്ചക്കറി, ഉണങ്ങിയ പഴങ്ങൾ, മുട്ട, പയർവർഗ്ഗങ്ങൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, രുചിക്കൂട്ടുകൾ, ജീവനുള്ളവയും പുതിയതും ശീതീകരിച്ചതുമായ വിവിധതരം മത്സ്യങ്ങൾ, കടൽവിഭവങ്ങൾ, ഒപ്പം ദീർഘകാലം കേടുകൂടാതെയിരിക്കുന്ന പാൽ, എവാപ്പറേറ്റഡ് മിൽക്ക്, തൈര്, ലാബ്നെ, വെണ്ണ, വിവിധതരം ചീസ് തുടങ്ങിയ പ്രധാന ക്ഷീരോൽപന്നങ്ങൾ തുടങ്ങി വിപുലമായ വിഭാഗത്തിൽപ്പെട്ട അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വാറ്റ് നിരക്ക് പൂജ്യം ശതമാനമാകുന്നതാണ്. പ്രജനനം, കശാപ്പ്, പാൽ ഉൽപ്പാദനം എന്നിവയ്ക്കായി ഉപയോഗിക്കുന്ന പശു, ആട്, ചെമ്മരിയാട്, ഒട്ടകം, വളർത്തുപക്ഷികൾ തുടങ്ങിയവ, ഇവയുടെ മാംസം (ബീഫ്, ആട്ടിറച്ചി, ഒട്ടക ഇറച്ചി, കോഴിയിറച്ചി തുടങ്ങിയവ പുതിയത്, തണുപ്പിച്ചത്, ശീതീകരിച്ചത്, അരച്ചത് തുടങ്ങി വിവിധ രൂപങ്ങളിൽ) തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
  • ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും, താങ്ങാനാവുന്ന വിലയിൽ വൈദ്യ-ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനുമാണ് രണ്ടാമത്തെ തീരുമാനം ഊന്നൽ നൽകുന്നത്. ഈ തീരുമാനപ്രകാരം, അംഗീകൃത കസ്റ്റംസ് താരിഫ് കോഡുകൾക്ക് അനുസൃതമായി ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് റിലീസ് പെർമിറ്റ് ലഭിച്ചിട്ടുള്ള പക്ഷം, മരുന്നുകൾ, ഔഷധസസ്യ അധിഷ്ഠിത ഉൽപ്പന്നങ്ങൾ, ബയോളജിക്കൽ-ആരോഗ്യ ഉൽപ്പന്നങ്ങൾ, ചികിത്സാ ആവശ്യങ്ങൾക്കുള്ള ഭക്ഷണപദാർത്ഥങ്ങൾ, വൈദ്യോപകരണങ്ങൾ എന്നിവയ്ക്ക് പൂജ്യം ശതമാനം വാറ്റ് ബാധകമാക്കുന്നതാണ്. ആന്റിബയോട്ടിക്കുകൾ, ഹോർമോണുകൾ, വാക്സിനുകൾ, രക്തസീറം, ശിശുക്കൾക്കുള്ള പാൽപ്പൊടി (ഇൻഫന്റ് ഫോർമുല), പ്രത്യേക ആരോഗ്യസ്ഥിതികൾക്കായി തയ്യാറാക്കിയ ഭക്ഷണങ്ങൾ, വൈദ്യശാസ്ത്രപരമായ ലായനികൾ, ഓക്സിജൻ വാതകം, ദന്തസംരക്ഷണ ഉൽപ്പന്നങ്ങൾ, പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്ന പാച്ചുകളും ഇൻഹേലറുകളും തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.
  • കാർഷിക-മൃഗസംരക്ഷണ മേഖലകളെ പിന്തുണയ്ക്കുന്നതിനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന കർഷകർക്കും കമ്പനികൾക്കും ചെലവ് കുറയ്ക്കുന്നതിനുമാണ് മൂന്നാമത്തെ തീരുമാനം ലക്ഷ്യമിടുന്നത്. പ്രസക്തമായ കസ്റ്റംസ് ചട്ടങ്ങൾക്കനുസൃതമായി കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം റിലീസ് പെർമിറ്റ് നൽകുന്ന പക്ഷം, നിശ്ചിത മൃഗചികിത്സാ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും പൂജ്യം ശതമാനം വാറ്റ് ഏർപ്പെടുത്താൻ ഇതിൽ വ്യവസ്ഥ ചെയ്യുന്നു. മൃഗചികിത്സയ്ക്കുള്ള വാക്സിനുകളും സീറങ്ങളും, ജൈവ വിഷവസ്തുക്കൾ, പെൻസിലിൻ, സ്ട്രെപ്റ്റോമൈസിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, പോഷകാഹാര അനുബന്ധങ്ങൾ എന്നിവയ്‌ക്കൊപ്പം മൃഗപരിശോധനയ്ക്കും ചികിത്സാ നടപടികൾക്കും ഉപയോഗിക്കുന്ന ലായനികൾ, ജെല്ലുകൾ, ഉപകരണങ്ങൾ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു.