രാജ്യത്ത് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടില്ലെന്നും, ഈ നിയന്ത്രണങ്ങൾ തുടരുന്നതായും ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു. ഓഗസ്റ്റ് 5-ന് വൈകീട്ടാണ് ഒമാൻ സർക്കാർ ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.
ഒമാനിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള രീതിയിലുള്ള സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച സാഹചര്യത്തിലാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ച വ്യക്തത നൽകിയത്. “രാത്രികാല യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മിറ്റി പുതിയ തീരുമാനം പുറത്തിറക്കിയെന്ന രീതിയിലുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. യാത്രാ വിലക്കുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കമ്മിറ്റി യാതൊരു പുതിയ തീരുമാനങ്ങളും പ്രഖ്യാപിച്ചിട്ടില്ല.”, അധികൃതർ അറിയിച്ചു.
2021 ജൂലൈ 29 മുതൽ ദിനവും വൈകീട്ട് 10 മുതൽ പുലർച്ചെ 4 മണി വരെ ഒമാനിൽ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വൈകീട്ട് 5 മുതൽ പുലർച്ചെ 4 മണി വരെ ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമം ജൂലൈ 29 മുതൽ ദിനവും രാത്രി 10 മണിമുതൽ പുലർച്ചെ 4 മണി വരെ എന്ന രീതിയിലേക്ക് സുപ്രീം കമ്മിറ്റി പുനഃക്രമീകരിക്കുകയായിരുന്നു.