ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള 90 ചാർജിങ്ങ് സ്റ്റേഷനുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിലായി സ്ഥാപിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 ജൂൺ 21-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും, പരിസ്ഥിതി സൗഹാർദ്രമായ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒമാനിലെ വിവിധ ദേശീയ പാതകളുടെയും, മറ്റു പ്രധാന റോഡുകളുടെയും അരികിലായാണ് ഈ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്.
ഇതിൽ 49 ചാർജിങ്ങ് സ്റ്റേഷനുകൾ മസ്കറ്റ് ഗവർണറേറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്. നോർത്ത് അൽ ബതീന ഗവർണറേറ്റിൽ 10 സ്റ്റേഷനുകളും, അൽ ദാഖിലിയ ഗവർണറേറ്റിൽ 8 സ്റ്റേഷനുകളും, ദോഫാറിൽ 12 സ്റ്റേഷനുകളും, മുസന്ദം, അൽ ബുറൈമി, അൽ ദാഹിരാ, സൗത്ത് അൽ ശർഖിയ തുടങ്ങിയ ഗവർണറേറ്റുകളിൽ ഓരോ ചാർജിങ്ങ് സ്റ്റേഷനുകൾ വീതവുമാണ് നിർമ്മിച്ചിരിക്കുന്നത്.
Cover Image: Pixabay.