രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളിലെ പ്രവാസി ജീവനക്കാരുടെ വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ടും, പുതുക്കുന്നതുമായി ബന്ധപ്പെട്ടും ഈടാക്കുന്ന ഫീ സംബന്ധിച്ച് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഇതുമായി ബന്ധപ്പെട്ട പുതിയ തീരുമാനപ്രകാരം, ഇത്തരം വർക്ക് പെർമിറ്റ് തുകകളിൽ വലിയ ഇളവ് അനുവദിച്ചതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഒമാനിൽ ഔദ്യോഗിക സംരംഭകത്വ കാർഡ് (Riyada entrepreneurship card) കൈവശമുള്ള ഒരു തൊഴിലുടമയുടെ ഉടമസ്ഥതയിലുള്ളതും, ഒമാൻ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡെവലപ്പമെന്റ് അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്കാണ് ഈ പുതിയ തീരുമാനത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഇത്തരം തെഴിലുടമകൾ പബ്ലിക് അതോറിറ്റി ഫോർ സോഷ്യൽ ഇൻഷുറൻസിനു (PASI) കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഇത്തരം സ്ഥാപനങ്ങളിൽ ഒരു ഒമാൻ പൗരനെങ്കിലും ജീവനക്കാരനായി ഉണ്ടായിരിക്കണം. ഈ തീരുമാനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനം ‘340/2016’-ലെ ആർട്ടിക്കിൾ 2-ൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതാണ്.
ചെറുകിട ഇടത്തരം സംരംഭങ്ങളിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് ഫീ താഴെ പറയുന്ന രീതിയിലാണ്:
- ഒരു പ്രവാസി തൊഴിലാളിയെ നിയമിക്കുന്നതിനായി വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനും, പുതുക്കുന്നതിനും – 301 റിയാൽ.
- ഒന്ന് മുതൽ മൂന്ന് വരെ സ്വദേശീയരായ ജീവനക്കാരെ നിയമിക്കുന്നതിന് – 141 റിയാൽ.
- നാലോ അതിലധികമോ സ്വദേശീയരായ ജീവനക്കാരെ നിയമിക്കുന്നതിന് – 241 റിയാൽ.
- ഒന്ന് മുതൽ മൂന്ന് വരെ കർഷകർ, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ നിയമിക്കുന്നതിന് – 201 റിയാൽ.
- നാലോ അതിലധികമോ കർഷകർ, കന്നുകാലി വളര്‍ത്തലുമായി ബന്ധപ്പെട്ട തൊഴിലാളികൾ എന്നിവരെ നിയമിക്കുന്നതിന് – 301 റിയാൽ.
- തൊഴിലാളികളുടെ വിവരങ്ങൾ പുതുക്കുന്നതിനും, തൊഴിലാളികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റുന്നതിനുമായി 5 റിയാൽ ഈടാക്കുന്നതാണ്.
Cover Photo: Oman News Agency.