സ്വദേശികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ മറികടക്കുന്നതിനായി വ്യാജ തൊഴിൽ നിയമനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 നവംബർ 11-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
التوظيف الحقيقي مسؤولية والتزام؛ يقوم على ممارسة العمل فعليًا، وتحدده ضوابط تنظيمية تضمن جدية التشغيل وتحد من التوظيف الصوري، بما يعزز استدامة فرص العمل للقوى العاملة الوطنية. #وزارة_العمل #لا_للتوظيف_الصوري https://t.co/B2kmq1gNDo
— وزارة العمل -سلطنة عُمان (@Labour_OMAN) November 11, 2026
ഇത്തരം വ്യാജ തൊഴിൽ നിയമനങ്ങൾക്ക് 500 ഒമാനി റിയാൽ പിഴ ചുമത്തുമെന്നാണ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒരു ജീവനക്കാരൻ ജോലി വിട്ടുപോകുമ്പോൾ, പകരം മറ്റൊരു ജീവനക്കാരനെ നിയമിക്കാൻ തൊഴിലുടമകൾക്ക് 40 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഈ സമയപരിധിക്കുള്ളിൽ നിയമനം നടത്താത്ത സ്ഥാപനങ്ങൾക്ക്, 45 ദിവസത്തിന് ശേഷം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. നിശ്ചിത കാലയളവിനുള്ളിൽ പകരക്കാരനെ നിയമിക്കുന്നതിൽ പരാജയപ്പെടുന്ന സ്ഥാപനങ്ങൾക്ക് പുതിയ നിയമനം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മന്ത്രാലയം ഒരു നോട്ടീസ് നൽകുന്നതാണ്. ഈ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളിൽ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന കമ്പനികൾക്ക് സാമ്പത്തിക ബാധ്യതയ്ക്കു പുറമേ, നിരോധനം ഉൾപ്പെടെയുള്ള തുടർ നിയന്ത്രണ നടപടികളും നേരിടേണ്ടി വരുന്നതാണ്.
വ്യാജ തൊഴിൽ നിയമനങ്ങൾക്കെതിരെ മന്ത്രാലയം കർശന നടപടികളും പിഴകളും പ്രഖ്യാപിച്ചിട്ടുണ്ട്. യഥാർത്ഥ ജോലി നൽകാതെ ഒമാനി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന തൊഴിലുടമകൾക്ക് 500 ഒമാനി റിയാൽ പിഴയും, പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങളും നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യഥാർത്ഥ തൊഴിൽ എന്നത് യഥാർത്ഥ ജോലിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജീവനക്കാർ തങ്ങളുടെ തൊഴിലിടങ്ങളിൽ നേരിട്ട് ഹാജരാകുകയും, അവരുടെ കഴിവുകളും യോഗ്യതകളും പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള ചുമതലകൾ നിർവഹിക്കുകയും ചെയ്യേണ്ടതാണ്.
ഒമാനി പൗരന്മാരെ യഥാർത്ഥ ജോലി ചെയ്യാതെ തന്നെ, കടലാസിൽ മാത്രം ജീവനക്കാരായി രജിസ്റ്റർ ചെയ്യുന്ന തെറ്റായ വ്യാജ തൊഴിൽ നിയമന പ്രവണതകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

