ഒമാനിലെ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നതിനുള്ള തീരുമാനം 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ തൊഴിൽ മന്ത്രാലയത്തിന് കീഴിലെ പ്രൊഫഷനൽ സ്റ്റാൻഡേർഡ്‌സ് വകുപ്പ് ഡയറക്ടർ സഹീർ ബിൻ അബ്ദുല്ലാഹ് അൽ ഷെയ്‌ഖിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2025 സെപ്റ്റംബർ 1 മുതൽ ഒമാനിലെ ട്രക്ക് ഡ്രൈവർമാർ, വാട്ടർ ടാങ്ക് ഓപ്പറേറ്റർ, ഫുഡ് ഡെലിവറി ജീവനക്കാർ തുടങ്ങിയവർക്ക് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാകുന്നതാണ്. ഈ തീരുമാനം ഇത്തരം തൊഴിൽ പദവികളിലുള്ള പ്രവാസികൾക്കും, ഒമാനികൾക്കും ബാധകമാണ്.
തൊഴിൽ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, ഇത്തരം തൊഴിൽപദവികളിലുള്ളവർക്ക് പ്രൊഫഷണൽ യോഗ്യതകളുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇത്തരം തൊഴിൽ പദവികളിലേക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനായി ലോജിസ്റ്റിക്സ് മേഖലയിലെ സെക്ടറൽ സ്‌കിൽസ് യൂണിറ്റിൽ നിന്നുള്ള പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നേടേണ്ടതാണ്.
2025 സെപ്റ്റംബർ 1 മുതൽ ഒമാനിൽ ഫുഡ് ഡെലിവറി ജീവനക്കാർ, ട്രക്ക് ഡ്രൈവർ തുടങ്ങി ലോജിസ്റ്റിക്സ് മേഖലയിലെ വിവിധ തൊഴിൽ പദവികളിലുള്ളവർക്ക് ഒരു പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നതായി 2025 ജൂലൈ 21-ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചിരുന്നു.
ഇത്തരം പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് ഇല്ലാതെ 2025 സെപ്റ്റംബർ 1 മുതൽ ഈ തൊഴിൽ പദവികളിലേക്ക് പുതിയ വർക്ക് പെർമിറ്റുകൾ അനുവദിക്കില്ലെന്നും, നിലവിലുള്ള വർക്ക് പെർമിറ്റുകൾ പുതുക്കി നൽകില്ലെന്നും മന്ത്രാലയം അന്ന് വ്യക്തമാക്കിയിരുന്നു.
താഴെ പറയുന്ന തൊഴിൽ പദവികളിലാണ് പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസ് നിർബന്ധമാക്കുന്നത്:
- റെഫ്രിജറേറ്റഡ് ട്രക്ക് ഡ്രൈവർ (ട്രാക്ടർ – ട്രൈലെർ).
- വാട്ടർ ടാങ്ക് ഡ്രൈവർ (ട്രാക്ടർ – ട്രൈലെർ).
- ട്രാക്ടർ ഹെഡ് ഡ്രൈവർ (ട്രൈലെർ).
- വേസ്റ്റ് ട്രാൻസ്‌പോർട് ട്രക്ക് ഡ്രൈവർ.
- ഫുഡ് ഡെലിവറി റെപ്രസെന്ററ്റീവ്.
- ഫുഡ് ഡെലിവറി സൂപ്പർവൈസർ.
ഈ തീരുമാനം ഒമാനിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ബാധകമാണ്. ഇതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് പിഴ, ലൈസൻസ് റദ്ദാക്കൽ, തടവ് തുടങ്ങിയ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്. ഇത്തരം ലൈസൻസ് കൂടാതെ മേൽപ്പറഞ്ഞ തൊഴിലുകളിലേർപ്പെടുന്ന വിദേശികളെ നാട് കടത്തുന്നതിനും സാധ്യതയുണ്ട്.
Cover Image: Oman News Agency.

