സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് കൈവശമില്ലാതെ രാജ്യത്ത് ഡ്രൈവർ തസ്തികയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് പുതുക്കി നൽകേണ്ടതില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ തീരുമാനിച്ചു. ഇതോടെ ഒമാനിൽ ഡ്രൈവർ തസ്തികയിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ കൈവശം, തങ്ങൾ തൊഴിലെടുക്കുന്ന മേഖലയ്ക്ക് അനുയോജ്യമായതും, അർഹതയുള്ളതുമായ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസുകൾ വിസകൾ പുതുക്കി കിട്ടുന്നതിന് നിർബന്ധമാകുന്നതാണ്.
2021 ജൂൺ 1 മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നത്. മുഴുവൻ ഡ്രൈവർ തസ്തികൾക്കും ഈ തീരുമാനം ബാധകമാണ്. ഫെബ്രുവരി 9-നാണ് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് നൽകിയത്.
“2021 ജൂൺ 1 മുതൽ ഡ്രൈവർ തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള പ്രവാസികളുടെ റെസിഡൻസ് കാർഡ് പുതുക്കുന്നതിന്, അപേക്ഷകൻ താൻ ചെയ്യുന്ന തൊഴിലിന് ചേർന്നതായ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കേണ്ടതാണെന്ന് തൊഴിൽ മന്ത്രാലയം, റോയൽ ഒമാൻ പോലീസ് എന്നിവർ സംയുക്തമായി അറിയിക്കുന്നു.”, മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.