രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2021 നവംബർ 15, തിങ്കളാഴ്ച്ച ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഉദ്ഘാടനം ചെയ്തു. പെട്രോളിയം ഡെവലപ്മെന്റ് ഒമാനുമായി ചേർന്നാണ് മന്ത്രാലയം ഈ പ്രദർശനം സംഘടിപ്പിക്കുന്നത്.
‘സുസ്ഥിരത, തൊഴിലവസങ്ങൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. 2021 നവംബർ 15 മുതൽ ഡിസംബർ 15 വരെ നീണ്ട് നിൽക്കുന്ന ഈ പ്രത്യേക പ്രദർശനം ദോഫാർ ഗവർണറേറ്റിലെ മ്യൂസിയം ഓഫ് ദി ഫ്രാങ്കിൻസെൻസ് ലാൻഡിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒമാന്റെ അമ്പത്തൊന്നാം നാഷണൽ ഡേ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടന്ന ഈ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ദോഫാർ ഡെപ്യൂട്ടി ഗവർണർ ഷെയ്ഖ് മുഹാന സൈഫ് അൽ ലംകി നേതൃത്വം വഹിച്ചു. ഭൂവിജ്ഞാനീയ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ നിന്ന് ലഭിച്ച വിവിധ ഭൂവിജ്ഞാനീയ യുഗങ്ങളിൽ നിന്നുള്ള ഫോസിലുകളുടെ പ്രദർശനം ഈ എക്സിബിഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.