ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നുള്ള പ്രവർത്തനങ്ങൾ 2026 സെപ്റ്റംബർ 27, ഞായറാഴ്ച മുതൽ ഘട്ടംഘട്ടമായി ആരംഭിക്കുന്നു. 2026 സെപ്റ്റംബർ 26-നാണ് കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ ഇക്കാര്യം അറിയിച്ചത്.
اعتبارًا من اليوم ..
— مطار الملك عبدالعزيز الدولي (@KAIAirport) September 26, 2026
يبدأ التشغيل التدريجي للصالة 4 ، باستقبال الرحلات الجوية لثلاث شركات طيران أجنبية:
@wizzair @AJET_TR @SalamAir
في خطوة جديدة لتعزيز جاهزية#مطار_الملك_عبدالعزيز الدولي لاستقبال المزيد من المسافرين ✈️ pic.twitter.com/ghuVh6H5IL
വിമാനത്താവളത്തിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും അവയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും, വർദ്ധിച്ചുവരുന്ന യാത്രാത്തിരക്ക് കൈകാര്യം ചെയ്യാനുമുള്ള ജിദ്ദ എയർപോർട്ട്സ് കമ്പനിയുടെ പദ്ധതികളുടെ ഭാഗമായാണ് ഈ നടപടി.
ഇതിന്റെ ആദ്യ ഘട്ടത്തിൽ 2026 സെപ്റ്റംബർ 27 മുതൽ വിസ് എയർ (Wizz Air), എജെറ്റ് (AJet), സലാം എയർ (SalamAir) എന്നീ കമ്പനികളുടെ വിമാനസർവീസുകൾ ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്. തുടർന്ന് ഘട്ടംഘട്ടമായി മറ്റ് എയർലൈനുകളും ഇതേ രീതിയിൽ ടെർമിനൽ 4-ലേക്ക് വിമാനസർവീസുകൾ മാറ്റുന്നതാണ്.
നിലവിൽ നോർത്ത് ടെർമിനലിൽ നിന്ന് പ്രവർത്തിക്കുന്ന വിദേശ വിമാനക്കമ്പനികളെയും, ടെർമിനൽ 1, ഹജ്ജ്-ഉംറ ടെർമിനലുകൾ എന്നിവയിൽ നിന്ന് പ്രവർത്തിക്കുന്ന തിരഞ്ഞെടുത്ത വിദേശ വിമാനക്കമ്പനികളെയും പ്രവർത്തനപരമായ ആവശ്യകതകൾ മുൻനിർത്തി മാറ്റിസ്ഥാപിക്കുന്നതിനാണ് ജിദ്ദ വിമാനത്താവള അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ടെർമിനൽ 4-ന്റെ പ്രവർത്തന, സാങ്കേതിക, സേവന സൗകര്യങ്ങളും സംവിധാനങ്ങളും ഉൾപ്പെടെയുള്ളവ പൂർണ്ണ സജ്ജമാകുന്നതോടെ, വിമാനത്താവളത്തിലെ പ്രവർത്തനപരമായ തിരക്ക് വിവിധ സൗകര്യങ്ങളിലായി പുനർവിതരണം ചെയ്യാനും, ശേഷി വർദ്ധിപ്പിക്കാനും, യാത്രാ നടപടികളും യാത്രക്കാരുടെ നീക്കവും സുഗമമാക്കാനും ഇത് സഹായിക്കുന്നതാണ്.
അടുത്ത ആഴ്ചയിലുടനീളം ഘട്ടംഘട്ടമായുള്ള ഈ മാറ്റം തുടരുമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
2026 സെപ്റ്റംബർ 28 തിങ്കളാഴ്ച, ‘ഫ്ലൈ ജിന്ന’ (Fly Jinnah) വിമാനങ്ങൾ ഹജ്ജ്-ഉംറ ടെർമിനലിൽ (B3) നിന്നും, ‘നെസ്മ എയർലൈൻസ്’ (Nesma Airlines) വിമാനങ്ങൾ നോർത്ത് ടെർമിനലിൽ നിന്നും പ്രവർത്തനം മാറ്റുന്നതാണ്. സെപ്റ്റംബർ 29 ചൊവ്വാഴ്ച, ‘ആകാശ എയർ’ (Akasa Air) വിമാനങ്ങൾ ഹജ്ജ്-ഉംറ ടെർമിനലിൽ (B3) നിന്ന് ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്.
സിറിയൻ എയർ, പെഗസസ് എന്നിവയുടെ വിമാനങ്ങൾ ഒക്ടോബർ 1, വ്യാഴാഴ്ച നോർത്ത് ടെർമിനലിൽ നിന്ന് ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്. അസർബൈജാൻ എയർലൈൻസ്, ടുണിസ്എയർ എന്നിവയുടെ വിമാനങ്ങൾ ഒക്ടോബർ 3, ശനിയാഴ്ച നോർത്ത് ടെർമിനലിൽ നിന്ന് ടെർമിനൽ 4-ലേക്ക് മാറ്റുന്നതാണ്.
97,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിട്ടുള്ള കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ന് പ്രതിവർഷം 15 ദശലക്ഷം വരെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. അത്യാധുനിക പ്രവർത്തന സംവിധാനങ്ങളും സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് ഈ ടെർമിനൽ ഒരുക്കിയിരിക്കുന്നത്. ഹജ്ജ്, ഉംറ തീർത്ഥാടകർക്കായി ഗ്രൂപ്പ് ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
Cover Image: @KAIAirport.

