ഷാർജ: ജൂലൈ 1 മുതൽ പാർക്കിങ്ങ് ഫീസ് ഈടാക്കി തുടങ്ങും

UAE

എമിറേറ്റിൽ ജൂലൈ 1, ബുധനാഴ്ച്ച മുതൽ പാർക്കിങ്ങ് ഫീസ് ഇടാക്കുന്നത് പുനരാരംഭിക്കുമെന്ന് ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു. കൊറോണാ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ വിലക്കുകളെത്തുടർന്ന്, ഏപ്രിൽ 1 മുതൽ ഷാർജയിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയിട്ടുണ്ടായിരുന്നു.

COVID-19 സാഹചര്യത്തിൽ, പൊതുജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ഷാർജാ എക്സിക്യൂട്ടീവ് കൗൺസിൽ പാർക്കിംഗ് 3 മാസത്തേക്ക് സൗജന്യമാക്കുകയായിരുന്നു. എമിറേറ്റിലെ പാർക്കിങ്ങ് മീറ്ററുകൾ, ജൂൺ 30-നു ശേഷം പാർക്കിങ്ങ് ടിക്കറ്റുകൾ ലഭ്യമാകുന്ന തരത്തിൽ പുനഃക്രമീകരിച്ചതായി ഷാർജ മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ താബിത് സലേം അൽ താരിഫി നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തിൽ വാണിജ്യ മേഖലയിലെയും മറ്റും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് പതിയെ തിരികെ വരുന്നത് കണക്കിലെടുത്താണ് പാർക്കിങ്ങ് ഫീസ് പുനർസ്ഥാപിക്കുന്നത്.