അബുദാബി: പ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് 1:10-ന് പ്രവാസി ഭാരതി പ്രത്യേക റേഡിയോ ലൈവ് സംഘടിപ്പിച്ചാണ് ഫലപ്രഖ്യാപനം നടത്തിയത്. ഫലവർഗ്ഗം, ഇലവർഗ്ഗം എന്നീ രണ്ട് മേഖലകളിലായി നടന്ന മത്സരത്തിൽ ഏകദേശം 70- ഓളം പേർ പങ്കെടുത്തു. ഡിസംബർ 2020-ൽ ആരംഭിച്ച് ഫെബ്രുവരി 10, 2021 വരെ നീണ്ടുനിന്ന അടുക്കളത്തോട്ട മത്സരത്തിൽ അത്യധികം ഉത്സാഹത്തോടെയാണ് ഓരോ മത്സാരാർത്ഥിയും പങ്കെടുത്തത്.
ജീവന്റെ വിലയറിയുന്നവർക്കും, ഇച്ഛാശക്തിയുള്ളവർക്കും, ക്ഷമയുള്ളവർക്കും മാത്രമേ ഒരു നല്ല കർഷകനാകാൻ സാധിക്കൂ എന്ന് മനസ്സിലാക്കി തരുന്നതായിരുന്നു ഈ നന്മയുടെ മത്സരം. മത്സരിച്ചവരെല്ലാം യഥാർത്ഥത്തിൽ വിജയിച്ചവരാണ്, കാരണം അവർ പാകിയ വിത്തിൽ നിന്നുള്ള വിളകളാണ് അവർക്ക് ലഭിച്ച യഥാർത്ഥ അംഗീകാരം. എങ്കിലും ഏതൊരു കർമ്മ മണ്ഡലത്തിലും ഒരു പ്രോത്സാഹനം കൂടിയേ തീരൂ, അത്തരം പ്രോത്സാഹനങ്ങൾ, ആ കർമ്മ വീഥിയിൽ കാൽ തളരാതെ ദൂരം പിന്നിടാൻ ഓരോരുത്തരെയും സഹായിക്കുന്നു.
ഫലവർഗ്ഗങ്ങൾ എന്ന വിഭാഗത്തിൽ അൽഐനിൽ നിന്നും പങ്കെടുത്ത ശ്രീ. മോനി മാത്യൂവും, ഇലവർഗ്ഗങ്ങൾ എന്ന വിഭാഗത്തിൽ അബുദാബി ബനിയാസിൽ നിന്നും പങ്കെടുത്ത ശ്രീമതി. നദീറ അബ്ദുൽ ജബ്ബാറും ഈ വർഷത്തെ ഹരിതകാന്തി പുരസ്ക്കാരത്തിന് അർഹരായി. ശ്രീ. വിജയൻ, ശ്രീ. അബ്ദുൽ ഗഫൂർ, ശ്രീമതി. ജയശ്രീ ഷാജി എന്നിവർ പ്രത്യേക ജൂറി പരാമർശത്തിനും അർഹരായി.
COVID-19 പ്രതിസന്ധികൾക്ക് മാറ്റംവരുന്ന വേളയിൽ, വരും വർഷങ്ങളിലും പച്ചപ്പിന്റെ വെളിച്ചം പകരുന്ന ഈ ഒത്തൊരുമ തുടർന്നും സംഘടിപ്പിക്കാൻ കഴിയട്ടെ എന്ന് പ്രവാസി ഭാരതി ബ്രോഡ്കാസ്റ്റിംഗ് ചെയർമാൻ ശ്രീ. ചന്ദ്രസേനൻ അഭിപ്രായപ്പെട്ടു. കേരള കാർഷിക സർവ്വകലാശാലയിൽ മുൻ അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസർച്ച് ആയിരുന്ന പ്രൊഫ. ഡോ. പി. ശിവപ്രസാദ്, ലൈറ്റ് ടവർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ശ്രീ. കബീർ കരിക്കയിൽ എന്നിവർ പുരസ്ക്കാര പ്രഖ്യാപന വേളയിൽ സന്നിഹിതരായിരുന്നു.
COVID-19 പ്രോട്ടോകോൾ മാനിച്ച് തീർത്തും വിർച്വൽ രീതിയിലാണ് ഈ വർഷത്തെ മത്സരം സംഘടിപ്പിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ ജനപങ്കാളിത്തത്തോടെ ഈ മത്സരം സംഘടിപ്പിക്കാമെന്ന പ്രതീക്ഷയും ബോർഡ് പങ്കവച്ചു.