ദുബായ്: പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി

GCC News

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം (PBSK) ജുമേയ്‌റ ലേക്ക് ടവറിൽ (JLT) നിന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഓഫീസ് പരിസരത്തേക്ക് മാറ്റി സ്ഥാപിച്ചു. JLT പരിസരത്ത് എത്തുന്നതിൽ പ്രവാസികൾക്കുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് PBSK ഇന്ത്യൻ കോൺസുലേറ്റ് പരിസരത്തേക്ക് മാറ്റിയത്.

പുതിയ PBSK ഓഫീസിന്റെ ഉദ്ഘാടനം യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ നവംബർ 1, ഞായറാഴ്ച്ച നിർവഹിച്ചു.

വിവിധ തരത്തിലുള്ള വിഷമതകൾ അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി PBSK ഉദ്ഘാടന വേളയിൽ വ്യക്തമാക്കി. ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായാണ് പ്രവാസി ഭാരതീയ സഹായതാ കേന്ദ്രം ആരംഭിച്ചിട്ടുള്ളത്.

നേരത്തെ ഒരു സ്വകാര്യ സ്ഥാപനമാണ് PBSK-യുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഈ ചുമതലകളെല്ലാം ഇന്ത്യൻ നയതന്ത്ര കാര്യാലയം നേരിട്ട് ഏറ്റെടുത്തിട്ടുണ്ട്. പ്രവാസി ഇന്ത്യൻ തൊഴിലാളികൾക്ക് PBSK-യുടെ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായാണ് ഈ നടപടി. നിയമ സഹായം, മനഃശാസ്ത്രപരമായ കൗൺസിലിങ്ങ് മുതലായ സേവനങ്ങൾ PBSK കേന്ദ്രത്തിൽ നിന്ന് നേരിട്ടും, 24×7 പ്രവർത്തിക്കുന്ന ടോൾ ഫ്രീ ഹോട്ട് ലൈൻ സംവിധാനത്തിലൂടെയും തുടരുന്നതാണ്. പ്രവാസികൾക്ക് നിയമ സഹായങ്ങൾ സൗജന്യമായി നൽകുന്നതിനായി ഏഴ് അഭിഭാഷകർ അടങ്ങിയ ഒരു സംഘത്തിന്റെ സേവനവും പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിൽ നിന്ന് നൽകുന്നതാണ്.

800 46342 എന്ന ടോൾ ഫ്രീ നമ്പറിലൂടെ PBSK സേവനങ്ങൾക്കായി കേന്ദ്രം സന്ദർശിക്കുന്നതിനുള്ള മുൻ‌കൂർ അനുവാദം ലഭിക്കുന്നതാണ്. ഈ ടോൾ ഫ്രീ സംവിധാനത്തിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്‌ ഭാഷകളിലുള്ള സേവനങ്ങൾ ലഭ്യമാണ്. 00971 54 3090 571 എന്ന വാട്സ്ആപ് നമ്പറിലൂടെയും, pbsk.dubai@mea.gov.in എന്ന ഇമെയിൽ വിലാസത്തിലൂടെയും, @pbskdubai എന്ന ട്വിറ്റർ വിലാസത്തിലൂടെയും PBSK-യുമായി ബന്ധപ്പെടാവുന്നതാണ്.

പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ പ്രവർത്തന സമയം:

  • ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 മുതൽ വൈകീട്ട് 6.00 വരെ.
  • വാരാന്ത്യങ്ങളിലും, പൊതു അവധി ദിനങ്ങളിൽ – വൈകീട്ട് 2.00 മുതൽ 6.00 വരെ.

Photos: @cgidubai