ഖത്തർ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള കരട് പ്രമേയത്തിന് ക്യാബിനറ്റ് അംഗീകാരം നൽകി

GCC News

രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകി. ഖത്തർ പ്രധാനമന്ത്രി H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ താനിയുടെ നേതൃത്വത്തിൽ 2022 മെയ് 25-ന് വൈകീട്ട് ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനം.

ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയാണ് ഈ കരട് പ്രമേയം സമർപ്പിച്ചത്.

പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഖത്തർ ഇത്തരം ഒരു പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഒരുങ്ങുന്നത്. താഴെ പറയുന്ന കാര്യങ്ങളാണ് ഈ കരട് പ്രമേയത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്:

  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ സാധനങ്ങൾ പൊതിയുന്നതിനോ, വസ്തുക്കളുടെ പാക്കിങ്ങിനോ, സാധനങ്ങൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിൽ നിന്ന് രാജ്യത്തെ സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെ വിലക്കുക.
  • ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം സമൂഹത്തിൽ പ്രോത്സാഹിപ്പിക്കുക.