രാജ്യത്തെ ആരോഗ്യ പരിചരണ സേവന മേഖലയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനായി തയ്യാറാക്കിയിട്ടുള്ള നിയമം രാജ്യത്ത് നിലവിൽ വന്നതായി ഖത്തർ ആമിർ ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി പ്രഖ്യാപിച്ചു. ‘2021/ 22’ എന്ന ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.
ഈ നിയമപ്രകാരം, ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ പൊതു, സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് നൽകിവരുന്ന സേവനങ്ങൾ ഈ പുതിയ നിയമപ്രകാരം പ്രത്യേക നയപദ്ധതികളും, നടപടികളും, മാനദണ്ഡങ്ങളും പ്രകാരവും, ഇൻഷുറൻസ് പരിരക്ഷാ പരിധി അടിസ്ഥാനമാക്കിയുമായിരിക്കും.
ഖത്തറിൽ പൂർണ്ണമായും സമന്വയിപ്പിച്ചതും, ഉയർന്ന നിലവാരമുള്ളതും, ഫലപ്രദമായതും, സ്ഥായിയായതുമായ ആരോഗ്യ പരിചരണ സേവനം ഉറപ്പാക്കുന്നതിനായാണ് ഈ പുതിയ നിയമ നിർമ്മാണം. ഈ നിയമപ്രകാരം, രാജ്യത്തെ തൊഴിലുടമകൾ തങ്ങളുടെ കീഴിലുള്ള വിദേശി തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തേണ്ടണ്ടതാണ്. ഖത്തറിലെ സ്ഥാപനങ്ങളിൽ നിയമിക്കുന്നതിനായി വിദേശി തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ട് വരുന്ന റിക്രൂട്ടിങ്ങ് കമ്പനികൾക്കും ഈ നിയമം ബാധകമാകുന്നതാണ്.
ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും പ്രാഥമിക ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള ഈ നിയമത്തിന്റെ കരടിന് ക്യാബിനറ്റ് 2021 ഫെബ്രുവരിയിൽ അംഗീകാരം നൽകിയിരുന്നു. ഈ കരട് നിയമം പിന്നീട് തുടർനടപടികൾക്കായി ശുറ കൗൺസിലിലേക്ക് ശുപാർശ ചെയ്തിരിക്കുകയായിരുന്നു.