ദുബായ്: ഗ്ലോബൽ വില്ലേജ് ഇരുപത്തേഴാം സീസൺ ആരംഭിച്ചു

GCC News

മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ആരംഭിച്ചു. 2022 ഒക്ടോബർ 25, ചൊവ്വാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.

സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

“അത്യധികം വിനോദങ്ങൾ നിറഞ്ഞ രീതിയിൽ ഇരുപത്തേഴാം സീസണിന്റെ ഉദ്ഘാടനം നിർവഹിക്കാനായതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ട്. ഉദ്ഘാടന ചടങ്ങ് അതിഗംഭീരമായിരുന്നു. നിങ്ങളുടെ ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങൾ അനുഭവിക്കുന്നതിനായി നാളെ വൈകീട്ട് 4 മണിമുതൽ നിങ്ങളെ ഗ്ലോബൽ വില്ലേജിലേക്ക് ഞങ്ങൾ ക്ഷണിക്കുന്നു.”, ഇരുപത്തേഴാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌ത ശേഷം ഒക്ടോബർ 25-ന് രാത്രി ഗ്ലോബൽ വില്ലേജ് സംഘാടകർ അറിയിച്ചു.

സന്ദർശകർക്കായി 27 പവലിയനുകൾ, 3500-ൽ പരം വില്പനകേന്ദ്രങ്ങൾ, 250-ൽ പരം റെസ്റ്റാറന്റുകൾ, കഫെ എന്നിവ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ ഒരുക്കിയിട്ടുണ്ട്.