ഖത്തർ: റെസിഡൻസി സേവനങ്ങൾ ഉൾപ്പടെ 17 പുതിയ ഇ-സേവനങ്ങൾ Metrash2 ആപ്പിൽ ഉൾപ്പെടുത്തി

featured GCC News

Metrash2 ആപ്പിൽ പുതിയതായി 17 ഇ-സേവനങ്ങൾ ഉൾപ്പെടുത്തിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മെയ് 24-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

പുതിയതായി ഉൾപ്പെടുത്തിയ ഇ-സേവനങ്ങളിൽ ആറ് റെസിഡൻസി പെർമിറ്റ് സേവനങ്ങളും ഉൾപ്പെടുന്നു. സേവനങ്ങൾക്കായി നേരത്തെ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിൽ നേരിട്ടെത്തേണ്ടിയിരുന്ന സേവനങ്ങളാണ് ഇപ്പോൾ Metrash2 ആപ്പിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്.

Metrash2 ആപ്പിൽ താഴെ പറയുന്ന റെസിഡൻസി സേവനങ്ങളാണ് പുതിയതായി ലഭ്യമാക്കിയിരിക്കുന്നത്:

  • റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ – റെസിഡൻസി പെർമിറ്റ് പുതുക്കുന്നതിന് നിലവിൽ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമുള്ള സന്ദർഭങ്ങളിൽ (പ്രായപരിധി, വിലക്കേർപ്പെടുത്തിയിട്ടുള്ള കാലയളവിൽ തുടങ്ങിയവ) ഇത്തരം അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കാവുന്നതാണ്.
  • പാസ്സ്‌പോർട്ട് വിവരങ്ങൾ മാറ്റുന്നതിനുള്ള അപേക്ഷകൾ – നിലവിൽ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമുള്ള പ്രവാസികളുടെ പാസ്സ്‌പോർട്ട് വിവരങ്ങളിലെ മാറ്റങ്ങൾ സംബന്ധിച്ച അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കാവുന്നതാണ്.
  • റെസിഡൻസി പെർമിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ – കാലാവധി അവസാനിച്ച പാസ്സ്‌പോർട്ട്, ഫിംഗർപ്രിന്റ് സംബന്ധമായ പ്രശ്നങ്ങൾ, മെഡിക്കൽ ടെസ്റ്റ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ മൂലം നിലവിൽ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമുള്ള പുതിയ റെസിഡൻസി പെർമിറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കാവുന്നതാണ്.
  • റെസിഡൻസി പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷകൾ – വാഹന ഉടമസ്ഥാവകാശം, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങൾ മൂലം നിലവിൽ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമുള്ള റെസിഡൻസി പെർമിറ്റ് ക്യാൻസൽ ചെയ്യുന്നതിനുള്ള അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കാവുന്നതാണ്.
  • പ്രവാസികളുടെ റെസിഡൻസി നിയമലംഘനങ്ങൾക്കുള്ള പിഴതുകകൾ കുറയ്ക്കുന്നതിനുള്ള അപേക്ഷകൾ – പ്രവാസികൾക്ക് പിഴതുകകൾ കുറയ്ക്കുന്നതിനുള്ള (നിലവിൽ എക്സ്പാട്രിയേറ്റ് അഫയേഴ്‌സ് ഡിപ്പാർട്മെന്റിന്റെ അനുമതി ആവശ്യമുള്ളവ) അപേക്ഷകൾ Metrash2 ആപ്പിലൂടെ സമർപ്പിക്കാവുന്നതാണ്.
  • റെസിഡൻസി സേവനങ്ങൾ സംബന്ധിച്ച അപേക്ഷകളുടെ സ്റ്റാറ്റസ് അറിയുന്നതിനുള്ള സേവനം – നിലവിൽ സമർപ്പിച്ചിട്ടുള്ള റെസിഡൻസി സേവനങ്ങൾ സംബന്ധിച്ച അപേക്ഷകളുടെ സ്റ്റാറ്റസ് അറിയുന്നതിനും, ഇത്തരം അപേക്ഷകളിലെ നടപടികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ ഓൺലൈനിലൂടെ പൂർത്തിയാക്കുന്നതിനുമുള്ള സേവനം Metrash2 ആപ്പിൽ ലഭ്യമാണ്.

ഇതിന് പുറമെ സെർച്ച് ആൻഡ് ഫോളോഅപ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട സേവനങ്ങൾ, റിക്രൂട്ട്മെന്റ് അപേക്ഷകളുടെ അപ്രൂവൽ ലഭിക്കുന്നതിനുള്ള സേവനങ്ങൾ, എസ്റ്റാബ്ലിഷ്‌മെന്റ് കാർഡ് സേവനങ്ങൾ എന്നിവയും പുതിയതായി ഉൾപ്പെടുത്തിയ ഇ-സേവനങ്ങളിൽ ഉൾപ്പെടുന്നു.

തങ്ങളുടെ കീഴിൽ റെസിഡൻസി പെർമിറ്റ് നേടിയ ശേഷം വ്യക്തമായ നിയമകാരണങ്ങൾ കൂടാതെ തൊഴിലുപേക്ഷിച്ച് പോയ ജീവനക്കാരെ കുറിച്ച് പരാതിപ്പെടുന്നതിനും, വിസ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തൊഴിലുപേക്ഷിച്ച് പോയ ജീവനക്കാരെ കുറിച്ച് പരാതിപ്പെടുന്നതിനും, കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്ന തൊഴിലാളികളുടെ പിഴതുകകൾ ഒടുക്കുന്നതിനും തൊഴിലുടമകൾക്ക് Metrash2 ആപ്പിലൂടെ ഇപ്പോൾ സാധിക്കുന്നതാണ്.

പ്രവാസികൾക്ക് തങ്ങളുടെ കീഴിൽ ഗാർഹിക ജീവനക്കാരെ നിയമിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സേവനവും Metrash2 ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.