ഔദ്യോഗിക രേഖകളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടി വരാമെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
ജനുവരി 23-നാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഔദ്യോഗിക രേഖകളുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായാണ് മന്ത്രാലയം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
തൊഴിൽ പരാമായ കരാറുകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക രേഖകൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്താതിരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും, ഉത്തരവാദിത്വവും, തൊഴിൽ കരാറിനോടുള്ള പ്രതിബദ്ധതയുമാണെന്ന് ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.