അൽ കസറത് സ്ട്രീറ്റ്, ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2023 ഓഗസ്റ്റ് 14-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
സ്ട്രീറ്റ് 33 നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ ഇന്റർചേഞ്ച് പണിതീർത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഇവിടെ ഉണ്ടായിരുന്ന പഴയ റൗണ്ട്എബൗട്ട് ഒരു രണ്ട് ലവൽ ഇന്റർചേഞ്ച് ആയി മാറ്റിയിട്ടുണ്ട്.
ഈ മേഖലയിലെ എല്ലാ ദിശകളിലേക്കുള്ള ട്രാഫിക് നീക്കങ്ങളും സുഗമമാക്കുന്നതിനായി ഇന്റർചേഞ്ചിൽ സിഗ്നൽ ഏർപ്പെടുത്തിയിട്ടുണ്ട്. സ്ട്രീറ്റ് 33-ലൂടെയുള്ള ഗതാഗതത്തിന് തടസം ഉണ്ടാകാതിരിക്കുന്നതിനായി ഇവിടെ ഒരു 215.മീറ്റർ നീളമുള്ള മേൽപ്പാലം നിർമ്മിച്ചിട്ടുണ്ട്.
മണിക്കൂറിൽ ഏതാണ്ട് 16000 വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്ന രീതിയിലാണ് ഈ ഇന്റർചേഞ്ച് പണിതീർത്തിരിക്കുന്നത്. ദോഹയിൽ നിന്ന് അൽ കസറത് സ്ട്രീറ്റിലേക്കും തിരികെയും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ഉപയോഗിക്കാവുന്ന ഒരു പ്രധാന യാത്രാമാർഗമാണ് ഈ ഇന്റർചേഞ്ച്.
സ്ട്രീറ്റ് 33 നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റ്, സ്ട്രീറ്റ് 33 എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന പഴയ റൗണ്ട്എബൗട്ടിൽ രണ്ട് മാസത്തേക്ക് ഗതാഗതം താത്കാലികമായി തടഞ്ഞതായും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
വടക്ക് നിന്ന് വെസ്റ്റ് ഇൻഡസ്ട്രിയൽ സ്ട്രീറ്റിലൂടെ വരുന്ന വാഹനങ്ങളെ എനർജി സ്ട്രീറ്റ് റൗണ്ട്എബൗട്ടിലേക്ക് വഴിതിരിച്ച് വിടുന്നതാണ്. തെക്ക് ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളെ പുതിയതായി തുറന്നിട്ടുള്ള സ്ട്രീറ്റ് 33, അൽ കസറത് സ്ട്രീറ്റ് ഇന്റർചേഞ്ചിലേക്ക് വഴിതിരിച്ച് വിടുന്നതാണ്.
Cover Image: Qatar Public Works Authority.