അബു സമ്ര അതിർത്തിയിലൂടെ പ്രവേശിക്കുന്നവരുടെ യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് പ്രത്യേക ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ആരംഭിച്ചതായി ഖത്തർ അറിയിച്ചു. ഈ അതിർത്തിവഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്ക് നടപടിക്രമങ്ങൾ സംബന്ധിച്ച കാലതാമസം ഒഴിവാക്കുന്നതിന് ഈ രജിസ്ട്രേഷൻ സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
https://www.ehteraz.gov.qa/ എന്ന വിലാസത്തിൽ ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. അബു സമ്ര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് ഏറ്റവും ചുരുങ്ങിയത് ആറ് മണിക്കൂർ മുൻപെങ്കിലും ഈ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് വരെ ഇത്തരം രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.
ഈ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഓൺലൈൻ സംവിധാനത്തിൽ പുതിയ യൂസർ അക്കൗണ്ട് നിർമ്മിക്കുകയും, അതിൽ ലോഗ് ഇൻ ചെയ്യുകയും ചെയ്യേണ്ടതാണ്. ഇതിന് ശേഷം, ‘Submit new application’ എന്ന ലിങ്ക് ഉപയോഗിച്ച് ഈ രജിസ്ട്രേഷൻ അപേക്ഷ നൽകാവുന്നതാണ്. യാത്ര ചെയ്യുന്ന തീയതി, യാത്രികരുടെ എണ്ണം മുതലായ വിവരങ്ങൾ ഈ ഓൺലൈൻ ഫോമിൽ നൽകേണ്ടതാണ്. ഖത്തർ പൗരന്മാർ, ഖത്തർ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾ തങ്ങളുടെ ഖത്തർ ഐഡി നമ്പർ നൽകേണ്ടതാണ്. ജി സി സി പൗരന്മാർ തങ്ങളുടെ പാസ്പോർട്ട് നമ്പറും, സന്ദർശകർ തങ്ങളുടെ പാസ്പോർട്ട് നമ്പർ, വിസ നമ്പർ എന്നിവയും ഈ അപേക്ഷയിൽ നൽകേണ്ടതാണ്.
ഇതിന് പുറമെ വാക്സിൻ സംബന്ധമായ വിവരങ്ങളും ഈ ഓൺലൈൻ സംവിധാനത്തിൽ നൽകേണ്ടതാണ്. COVID-19 വാക്സിൻ വിവരങ്ങൾ, അവസാന ഡോസ് സ്വീകരിച്ച തീയതി, COVID-19 രോഗമുക്തി നേടിയവർ തങ്ങൾ രോഗമുക്തരായ തീയതി എന്നിവ നൽകേണ്ടതാണ്. പാസ്പോർട്ടിന്റെ കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി, PCR നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ കോപ്പി, ഹോട്ടൽ ക്വാറന്റീൻ സംബന്ധമായ വിവരങ്ങൾ (രോഗസാധ്യത കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർ, വാക്സിനെടുക്കാത്തവർ എന്നിവർക്ക് ബാധകം) എന്നിവ അപ്പ്ലോഡ് ചെയ്ത ശേഷം ഈ രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്.
അബു സമ്ര അതിർത്തി കവാടത്തിലൂടെ 2021 ജനുവരി ആദ്യവാരം മുതൽ സൗദിയിൽ നിന്ന് ഖത്തറിലേക്കും, തിരികെ സൗദിയിലേക്കും യാത്രകൾ അനുവദിച്ചിട്ടുണ്ട്.