ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ ഘട്ടത്തിൽ വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 65-ൽ നിന്ന് 60 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ജനുവരി 17-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇതോടെ 65 വയസ്സിനു മുകളിൽ പ്രായമുള്ള മുഴുവൻ ഖത്തർ പൗരമാർക്കും, നിവാസികൾക്കും വാക്സിനേഷനിൽ പങ്കെടുക്കാവുന്നതാണ്. നിലവിൽ 27 ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ നൽകിവരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിട്ടുമാറാത്ത ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ എന്നീ വിഭാഗങ്ങളോട് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാനും മന്ത്രാലയം ആഹ്വാനം ചെയ്തു. വാക്സിനേഷനിൽ പങ്കെടുക്കുന്നതിന് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
ഈ തീരുമാനത്തോടെ സമൂഹത്തിലെ കൂടുതൽ വിഭാഗങ്ങളിലേക്ക് COVID-19 വാക്സിൻ ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് നാഷണൽ ഹെൽത്ത് സ്ട്രാറ്റജിക്ക് ഗ്രൂപ്പ് അധ്യക്ഷൻ ഡോ. അബ്ദുലതീഫ് അൽ ഖാൽ വ്യക്തമാക്കി. ആദ്യ ഘട്ടത്തിലെ വാക്സിനേഷനിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുന്ന രീതിയിൽ വരും നാളുകളിൽ പ്രായപരിധി വീണ്ടും പുനഃക്രമീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.