രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പിനായുള്ള മുൻകൂർ അനുമതികൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ സംബന്ധിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം പ്രത്യേക അറിയിപ്പ് പുറത്തിറക്കി. രാജ്യത്തെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്-ഇൻ സേവനങ്ങൾ അനുവദിക്കുന്നില്ലെന്നും, കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനായി മുൻകൂർ അനുമതികൾ നിർബന്ധമാണെന്നും മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർ ആരോഗ്യ മന്ത്രാലയം നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താഴെ പറയുന്ന നിർദ്ദേശങ്ങളാണ് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിപ്പിലൂടെ പങ്ക് വെച്ചിട്ടുള്ളത്.
ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ, വ്യാവസായിക മേഖലകൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ കുത്തിവെപ്പിന് അർഹരായവർക്ക്, കുത്തിവെപ്പ് സ്വീകരിക്കുന്നതിനുള്ള മുൻകൂർ അനുമതി, സമയക്രമം എന്നിവ ക്രമപ്രകാരം ആരോഗ്യ മന്ത്രാലയം നേരിട്ട് അറിയിക്കുന്നതാണ്.
- മുൻകൂർ അനുമതികളില്ലാതെ ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്നതല്ല.
ലുസൈൽ, അൽ വക്ര എന്നിവിടങ്ങളിലെ ഡ്രൈവ്-ത്രൂ വാക്സിനേഷൻ കേന്ദ്രത്തിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നവർക്കുള്ള നിർദ്ദേശങ്ങൾ:
- മറ്റു കേന്ദ്രങ്ങളിൽ നിന്ന് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്ന സേവനങ്ങൾ മാത്രമാണ് ലുസൈലിലും, അൽ വഖ്‌റയിലുമായി പ്രവർത്തിക്കുന്ന ഈ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുന്നത്.
- രണ്ടാം ഡോസ് സ്വീകരിക്കുന്നതിനായി ഈ കേന്ദ്രത്തിലെത്തുന്നവർക്ക് മുൻകൂർ അനുമതി ആവശ്യമില്ല.
- എന്നാൽ, ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് നിശ്ചിത കാലാവധി പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകുന്നതെന്നും, രണ്ടാം ഡോസ് കുത്തിവെപ്പുകൾ നേരത്തെ നൽകുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 21 ദിവസങ്ങൾക്ക് ശേഷവും, മോഡേണ വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിച്ചിട്ടുള്ളവർക്ക് ആദ്യ ഡോസ് കുത്തിവെപ്പ് കഴിഞ്ഞ് 28 ദിവസങ്ങൾക്ക് ശേഷവുമാണ് ഈ കേന്ദ്രത്തിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് നൽകുന്നത്.
ലുസൈലിലും, അൽ വഖ്‌റയിലും പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നവർക്ക് സഹായകമാകുന്ന ഏതാനം നിർദ്ദേശങ്ങൾ ഖത്തർ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.