നിലവിൽ ഖത്തറിലുള്ള സന്ദർശകർക്ക് ഫുട്ബാൾ ആരാധക വിസയിലേക്ക് മാറുന്നതിന് അവസരം

featured Qatar

2022 നവംബർ 1-ന് മുൻപായി രാജ്യത്തേക്ക് പ്രവേശിച്ചിട്ടുള്ള സന്ദർശകർക്ക് തങ്ങളുടെ വിസ ഫുട്ബാൾ ആരാധക വിസയാക്കി മാറ്റുന്നതിന് അവസരം നൽകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ തരം സന്ദർശക വിസകളിലുള്ളവർക്കും ഈ സേവനം ലഭ്യമാണ്.

ഹയ്യ കാർഡ് നേടിയിട്ടുള്ള, ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ് മത്സരങ്ങൾ കാണാൻ ആഗ്രഹിക്കുന്ന സന്ദർശകർക്കാണ് ഈ സേവനം ലഭ്യമാക്കുന്നത്. ഇത്തരത്തിൽ വിസ മാറുന്നതിനായി ഇവർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്ട്സ്, അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവനകേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.

ഈ സേവനത്തിന് 500 റിയാൽ ഈടാക്കുന്നതാണ്. 2023 ജനുവരി 23 വരെയാണ് ഇത്തരം വിസകളുടെ സാധുത.

ഫിഫ ലോകകപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് 2022 നവംബർ 1 മുതൽ ഡിസംബർ 22 വരെ വിസിറ്റ് വിസകളിലുള്ളവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.