ഖത്തർ: വിദേശത്ത് നിന്നെത്തുന്ന വാഹനങ്ങളുടെ ഇൻഷുറൻസുമായി ബന്ധപ്പെട്ട് പുതിയ സംവിധാനം നടപ്പിലാക്കുന്നു

featured GCC News

വിദേശത്ത് നിന്ന് ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഇൻഷുറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒരു പുതിയ സംവിധാനം നടപ്പിലാക്കുന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ റിപ്പോർട്ട് പ്രകാരം 2026 ഫെബ്രുവരി 1 മുതൽ അബു സംറ ബോർഡർ ക്രോസിങ്ങിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപായി ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ ഇൻഷുറൻസ് ലഭിക്കുന്നതിനുള്ള ഒരു സംവിധാനം പ്രയോഗക്ഷമമാക്കുന്നതാണ്. അതിർത്തി കവാടങ്ങളിലൂടെ ഖത്തറിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനാണിത്.

ഖത്തർ യൂണിഫൈഡ് ഇൻഷുറൻസ് ബ്യുറോയാണ് MSAR എന്ന ഈ സംവിധാനം നടപ്പിലാക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്തിക്കൊണ്ട് വാഹനവുമായി ഖത്തറിലേക്ക് പ്രവേശിക്കുന്ന വിനോദസഞ്ചാരികൾക്ക് ഇലക്ട്രോണിക് രൂപത്തിൽ വാഹന ഇൻഷുറൻസ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.

ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സാധുതയുള്ള ഹ്രസ്വകാല ഇൻഷുറൻസ്, ഒരു മാസം അല്ലെങ്കിൽ അതിൽ കൂടുതൽ സാധുതയുള്ള ദീർഘകാല ഇൻഷുറൻസ് എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്. ഈ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഉപഭോക്താക്കൾക്ക് ഇൻഷുറൻസ് രേഖകൾ ഡൌൺലോഡ് ചെയ്യുന്നതിനും, പണമടയ്ക്കുന്നതിനും, നോട്ടിഫിക്കേഷനുകൾ സ്വീകരിക്കുന്നതിനും സാധിക്കുന്നതാണ്.