രാജ്യത്തെ പരിസ്ഥിതി സംബന്ധമായ നിയമങ്ങൾ, ശുചിത്വ സംബന്ധമായ നിയമങ്ങൾ എന്നിവ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് ഖത്തർ മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അറിയിച്ചു. മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റിയുമായി ചേർന്നാണ് പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി രാജ്യത്തെ കടൽത്തീരങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുന്നതിനും, പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ട്. പരിസര ശുചിത്വം പാലിക്കാനും, മാലിന്യങ്ങൾ അലക്ഷ്യമായി നിക്ഷേപിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഖത്തറിലെ കടൽത്തീരങ്ങളിൽ പാചകം ചെയ്യുന്നതിനായി തീകത്തിക്കുന്നവർ, ഇതിനായി കരി പോലുള്ള വസ്തുക്കൾ മണലിൽ നേരിട്ട് കൂട്ടിയിട്ട് കത്തിക്കുന്ന പ്രവണത ഒഴിവാക്കാൻ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്ത ശേഷം ബാക്കിവരുന്ന കരിക്കട്ടകൾ കൃത്യമായ രീതിയിൽ സുരക്ഷിതമായി നിർമാർജ്ജനം ചെയ്യാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.